v

ന്യൂഡൽഹി: മെഡിക്കൽ പി.ജി കോഴ്സുകൾക്കുള്ള പ്രവേശനപരീക്ഷ മുൻ നിശ്ചയപ്രകാരം ഈ മാസം 21ന് നടത്താൻ സുപ്രീം കോടതി അനുമതി നൽകി. മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.

സർക്കാരിന് വേണമെങ്കിൽ പരീക്ഷ മാറ്റിവയ്ക്കാമെന്നും എന്നാൽ, അത്തരം നിർദ്ദേശം നൽകാൻ കോടതിക്കാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

രണ്ടു ലക്ഷത്തിലേറെപ്പേർ എഴുതുന്ന പരീക്ഷ ചിലരുടെ ബുദ്ധിമുട്ട് പരിഗണിച്ച് മാറ്റുന്നത് അനിശ്ചിതത്വവും അവ്യക്തതയും സൃഷ്ടിക്കുമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും സൂര്യകാന്തും ചൂണ്ടിക്കാട്ടി.

പരീക്ഷ മാറ്റിവയ്ക്കുന്നത് രാജ്യത്തെ ആതുരസേവന മേഖലയെ ബാധിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പരീക്ഷ നടത്തുന്നതിൽ കാലതാമസമുണ്ടായാൽ ആശുപത്രികളിൽ റസിഡന്റ് ഡോക്ടർമാരുടെ എണ്ണം കുറയും. നിങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ മറ്റെല്ലാവിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കണോയെന്നും കോടതി ചോദിച്ചു.

2022ലെ നീറ്റ് പി.ജി പ്രവേശന പരീക്ഷ നടക്കുന്നത് 2021 നീറ്റ് കൗൺസലിംഗ് നടക്കുന്ന ദിവസമാണ്. അതിനാൽ കൗൺസലിംഗിൽ പങ്കെടുക്കുന്നവർക്ക് പ്രവേശന പരീക്ഷ എഴുതാൻ കഴിയില്ല. ഇത് തങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. പത്ത് ആഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം.

2021ലെ നീറ്റ് പി.ജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. കൗൺസലിംഗ് ആരംഭിച്ചത് ഒക്ടോബറിലാണ്. ഇതിനിടയിൽ സംവരണവുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നതിനാൽ കൗൺസലിംഗ് താത്കാലികമായി സുപ്രീം കോടതി നിറുത്തിവച്ചു. പിന്നീട് ജനവരിയിൽ കൗൺസലിംഗ് പുനരാരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. ഇതിനു പുറമേ, കൊവിഡ് ഡ്യൂട്ടിലായിരുന്ന പല വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പ് പൂർത്തിയാക്കാനായിട്ടില്ല. ഇതാണ് ഹർജി നൽകിയ മെഡിക്കൽ സ്റ്റുഡൻസ് അസോസിയേഷൻ വാദിച്ചത്.