
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത സഹോദരീപുത്രിയെ മാനഭംഗം ചെയ്‌ത കേസിലെ പ്രതി, അതേ പെൺകുട്ടിയെ വിവാഹം ചെയ്‌ത് സന്തോഷപ്രദമായ ദാമ്പത്യം നയിക്കുന്നത് പരിഗണിച്ച് സുപ്രീംകോടതി വെറുതെ വിട്ടു. തമിഴ്നാട് സ്വദേശിയായ കെ. ദണ്ഡപാണി വിവാഹ വാഗ്ദാനം നൽകി മരുമകളെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യ കുട്ടി ജനിക്കുമ്പോൾ ദണ്ഡപാണിയുടെ ഭാര്യയ്‌ക്ക് 14 വയസ്സായിരുന്നു പ്രായം. വിവാഹം നിയമപരമല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്‌ക്കാനാവില്ലെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
മരുമകളെ വിവാഹം കഴിക്കുന്ന രീതി തമിഴ്നാട്ടിലുണ്ടെന്നും രണ്ട് കുട്ടികളുമായി ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നയിക്കുന്നതെന്നതും അത് തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
പോക്സോ കുറ്റം ചുമത്തി ശിക്ഷിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ദണ്ഡപാണി സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇരയുടെ നിലവിലെ അവസ്ഥ രേഖപ്പെടുത്താൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അപ്പീൽ ഹർജി നൽകിയ ദണ്ഡപാണി തങ്ങളെ സംരക്ഷിക്കുന്നതായും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് ദണ്ഡപാണിയെ വെറുതെ വിട്ടത്.