ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച് നിർമ്മാണം നടത്തിയതിന് പൊളിച്ചുനീക്കിയ മരടിലെ ഫ്ലാറ്റിന്റെ ഉടമകൾക്ക് നഷ്ടപരിഹാരത്തിന് പുറമെ പലിശയും നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എൽ.നാഗേശ്വരറാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഫ്ലാറ്റ് ഉടമകൾക്കായി 115 കോടി രൂപയാണ് നഷ്ടപരിഹാരമായി നിർമ്മാതാക്കൾ നൽകേണ്ടത്. ഫ്ലാറ്റ് സമുച്ചയം പൊളിച്ച് ഒരുവർഷം പിന്നിടുമ്പോൾ ഹോളിഫെയ്ത്ത് എച്ച്ടുഒ സമുച്ചയം ഇതുവരെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് ഫ്ലാറ്റുകളുടെ ഉടമകൾക്ക് നിർമ്മാതാക്കൾ മുഴുവൻപണവും നൽകി. ആൽഫാ സെറിൻ ഫ്ലാറ്റ് സമുച്ചയം നഷ്ടപരിഹാര തുകയുടെ 90 ശതമാനവും നൽകി.