
ന്യൂഡൽഹി: ഡൽഹി വസന്ത്‌വിഹാറിൽ അടച്ചിട്ട മുറി ഗ്യാസ് ചേംബറാക്കി അമ്മയും രണ്ട് പെൺമക്കളും മരിച്ച നിലയിൽ കണ്ടെത്തി. അടച്ചിട്ട ഫ്ളാറ്റിനുള്ളിൽ കൽക്കരി കത്തിച്ച പുക നിറഞ്ഞിരുന്നു. ഗ്യാസും തുറന്നുവിട്ടിരുന്നു. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആത്മഹത്യയെന്ന് സൂചന നൽകുന്ന കത്തും മുറിക്കുള്ളിൽ കണ്ടെത്തി.
വസന്ത്‌വിഹാറിലെ വസന്ത് അപ്പാർട്ട്മെന്റിലെ 207-ാം ഫ്ളാറ്റിനുള്ളിൽ നിന്ന് അനക്കമില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രി 8.55ഒാടെയാണ് പൊലീസെത്തിയത്. വാതിൽ പൊളിച്ച് ഉള്ളിൽ കടന്ന പൊലീസ് അകത്തെ മുറിയിൽ മഞ്ജു ശ്രീവാസ്‌തവ (55), മക്കളായ അങ്കിത (30), അൻഷുത(26) എന്നിവരുടെ മൃതദേഹങ്ങളും തൊട്ടടുത്തു തന്നെ കൽക്കരി കത്തിച്ചതിന്റെ ചാരവും കണ്ടെത്തി. പുറത്തേക്ക് പുക പോകാതിരിക്കാൻ ജനലുകൾ അടക്കം പൊളിത്തീൻ ഫോയിൽ ഉപയോഗിച്ച് സീൽ ചെയ്‌തിരുന്നു.
പൊലീസും മറ്റും വരുമ്പോൾ കാണാൻ പാകത്തിൽ ഇംഗ്ളീഷിൽ എഴുതി ഭിത്തിയിൽ ഒട്ടിച്ച കത്തും കണ്ടെത്തി. "വീട്ടിനുള്ളിൽ വിഷവാതകമാണ്. കാർബൺ മോണോക്‌സൈഡ് നിറഞ്ഞിരിക്കുന്നു. ശ്വസിക്കരുത്, ജനലുകൾ തുറക്കണം, ഫാൻ പ്രവർത്തിപ്പിക്കണം. ഗ്യാസ് സിലിണ്ടർ തുറന്നിട്ടിട്ടുള്ളതിനാൽ തീപ്പെട്ടിയോ, മെഴുകുതിരിയോ കത്തിക്കരുത്" - ഇതായിരുന്നു കത്തിലെ ഉള്ളടക്കം.
മഞ്ജുവിന്റെ ഭർത്താവ് ഉമേഷ് കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ ആഘാതത്തിലായിരുന്നു കുടുംബമെന്ന് അയൽവാസികളും സഹായിയായ കമല എന്ന സ്‌ത്രീയും പൊലീസിനെ അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങളുള്ള മഞ്ജു കിടപ്പിലായിരുന്നു. കത്തിക്കാനുള്ള കൽക്കരി ഓൺലൈനിൽ വാങ്ങിയെന്നാണ് വിവരം. മുറി ഗ്യാസ് ചേംബർ ആക്കിയുള്ള ആത്മഹത്യയിലെ ദുരൂഹത നീക്കാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.