kapil-sibal

ന്യൂഡൽഹി: നേതൃത്വത്തെ ചോദ്യം ചെയ്‌ത ജി 23 ഗ്രൂപ്പിന്റെ വക്താവും മുതിർന്ന നേതാവുമായ കപിൽ സിബൽ കോൺഗ്രസിൽ നിന്ന് രാജിവച്ചു.സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിക്കാൻ ഇന്നലെ ലക്‌നൗവിൽ പത്രിക നൽകി.

ഉദയ്‌പൂർ ചിന്തൻ ശിബിരത്തിന് മുന്നോടിയായി കോൺഗ്രസ് നേതൃത്വം മറ്റ് ജി 23 നേതാക്കളെ അനുനയിപ്പിച്ചപ്പോൾ മാറിനിന്ന കപിൽ സിബൽ പാർട്ടി വിടുമെന്ന് സൂചിപ്പിച്ചിരുന്നില്ല. എന്നാൽ മേയ് 16ന് രാജിക്കത്ത് നൽകിയെന്നാണ് ഇന്നലെ പത്രിക നൽകിയ ശേഷം അദ്ദേഹം പറഞ്ഞത്.

മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് പ്രഖ്യാപിച്ചതിനാലാണ് സ്വതന്ത്രനായി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സമാജ്‌വാദിയിൽ ചേരാൻ ആലോചനയില്ല. താൻ തുടക്കമിട്ട ജി 23 ഗ്രൂപ്പിന്റെ ഭാവിയെക്കുറിച്ചോ പാർട്ടിയിലെ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഇനി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


സമാജ്‌വാദി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, നേതാക്കളായ ശിവ്‌പാൽ യാദവ്, അസംഖാൻ എന്നിവർക്കൊപ്പമാണ് സിബൽ പത്രിക സമർപ്പിച്ചത്. ഉത്തർപ്രദേശിലെ 11 രാജ്യസഭാ ഒഴിവുകളിൽ അടുത്ത മാസമാണ് ഇലക്‌ഷൻ. കോൺഗ്രസ് രാജ്യസഭാംഗമായ സിബലിന് ജൂലായ് 7 വരെ കാലാവധിയുണ്ടായിരുന്നു.

ശിബിരത്തിന് ശേഷം മൂന്നാമത്തെ രാജി


പഞ്ചാബിൽ സുനിൽ ജാക്കർ, ഗുജറാത്തിൽ ഹാർദിക് പട്ടേൽ എന്നിവർക്കു പിന്നാലെ ചിന്തൻ ശിബിരത്തിന് ശേഷം കോൺഗ്രസ് വിടുന്ന പ്രമുഖനാണ് കപിൽ സിബൽ. പഞ്ചാബ് സ്വദേശിയായ സിബൽ സുപ്രീംകോടതി അഭിഭാഷകനായി തിളങ്ങിയ ശേഷമാണ് 1998ൽ രാജ്യസഭാംഗമായത്. ബി.ജെ.പി നേതാവ് സ്‌മൃതി ഇറാനിയെ തോൽപ്പിച്ച് ലോക്‌സഭയിലെത്തിയ അദ്ദേഹം മൻമോഹൻസിംഗ് സർക്കാരിൽ മന്ത്രിയുമായി.

കോൺഗ്രസ് നേതൃത്വത്തിൽ ജനാധിപത്യം നടപ്പാക്കണമെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ടാണ് ജി 23 ഗ്രൂപ്പ് രംഗത്ത് വന്നത്. നേതൃത്വത്തിന് വഴങ്ങിയ ഗ്രൂപ്പിലെ മറ്റ് നേതാക്കളെ രാഷ്‌ട്രീയ കാര്യ സമിതിയിലും 2024 തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്സിലും ഉൾപ്പെടുത്തിയിരുന്നു. രാഹുൽഗാന്ധി വീണ്ടും അദ്ധ്യക്ഷനാകുമെന്ന് സൂചനയുള്ളതിനാൽ പാർട്ടിയിൽ തുടരുന്നത് നന്നാകില്ലെന്ന ബോദ്ധ്യത്തോടെയാണ് സിബലിന്റെ രാജി.

കപിൽ സിബൽ

"30 വർഷത്തെ ബന്ധം അവസാനിപ്പിക്കൽ വിഷമകരമാണ്. കോൺഗ്രസിനെക്കുറിച്ച് ഇനി ഒന്നും പറയില്ല. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കലാണ് ഇനിയുള്ള ദൗത്യം."

അഖിലേഷ് യാദവ്, സമാജ്‌വാദ് പാർട്ടി നേതാവ്

"അഭിപ്രായങ്ങൾ വ്യക്തമാക്കിയിട്ടുള്ള നേതാവാണ്. ഇനി സമാജ്‌വാദി പാർട്ടിയുടെയും നിലപാടുകൾ അദ്ദേഹത്തിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു."