
# ആദ്യ നൂറ് റാങ്കിൽ 10 മലയാളികൾ
ന്യൂഡൽഹി: യു.പി.എസ്.സിയുടെ ഇക്കൊല്ലത്തെ സിവിൽ സർവീസസ് പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകൾ നേടി പെൺകുട്ടികൾ മുന്നിലെത്തി. ലക്നൗ സ്വദേശിനി ശ്രുതി ശർമ്മയ്ക്കാണ് ഒന്നാം റാങ്ക്. ചങ്ങനാശ്ശേരി സ്വദേശി ദിലീപ് കെ. കൈനിക്കര 21-ാം റാങ്കുമായി കേരളത്തിന്റെ അഭിമാനമായി. ആദ്യ നൂറ് റാങ്കിൽ 10 മലയാളികൾ ഇടം പിടിച്ചു. ആകെ 685 പേരാണ് യോഗ്യത നേടിയത്.കൊൽക്കത്ത സ്വദേശിനി അങ്കിത അഗർവാൾ, ചണ്ഡിഗർഡ് സ്വദേശിനി ഗാമിനി സിംഗ്ള എന്നിവരാണ് രണ്ടും മൂന്നും റാങ്കുകൾ നേടിയത്.ഐശ്വര്യ വർമ്മയാണ് നാലാം റാങ്കുകാരൻ.
റിട്ട. എസ്.ഐ കുര്യാക്കോസിന്റെയും അദ്ധ്യാപിക ജോളിമ്മയുടെയും മകനാണ് ദിലീപ്. മദ്രാസ് ഐ.ഐ.ടി എൻജിനിയറിംഗ് ബിരുദധാരിയായ ദിലീപ് ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരത്ത് സിവിൽ പരീക്ഷാ കേന്ദ്രത്തിൽ പരിശീലനം നേടിയിരുന്നു. റാങ്ക് മെച്ചപ്പെടുത്താനുള്ള മൂന്നാമത്തെ ശ്രമത്തിലാണ് 21-ാം റാങ്കോടെ സംസ്ഥാനത്ത് ഒന്നാമനായത്. 100ൽ താഴെ റാങ്ക് നേടിയ മറ്റ് മലയാളികൾ. ശ്രുതി രാജലക്ഷ്മി (25), വി. അവിനാശ് (31), ജാസ്മിൻ (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ (66), ചാരു (76), കിരൺ പി.ബി(100). ഇവരിൽ മൂന്ന് പേർ പരിശീലനം നേടിയത് തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാഡമിയിൽ നിന്നാണ് .600 വരെയുള്ള റാങ്ക് പട്ടികയിൽ 25 മലയാളികളുണ്ട്.
66-ാം റാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശി അഖിൽ വി.മേനോൻ ,സംസ്ഥാനത്തെ ആദ്യ കെ.എ.എസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയിരുന്നു. കെ.എ.എസ്. പരിശീലനത്തിനിടയിലാണ് സിവിൽ സർവ്വീസിലും യോഗ്യത നേടിയത്.
ആറു മലയാളികൾക്ക്
റാങ്ക് ഇരുന്നൂറിനകത്ത്
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ നൂറ് റാങ്കിൽ പത്തു മലയാളികൾ ഇടംപിടിച്ചപ്പോൾ, അവർക്ക് പിന്നിൽ ഇരുന്നൂറ് റാങ്കിനകത്ത് എത്തിയത് ആറു മലയാളികൾ.
തിരുവനന്തപുരം സ്വദേശിയായ റോജ എസ്. രാജൻ(108), കോട്ടയം സ്വദേശികളായ സി.ബി.റെക്സ്(111), സാംവർഗീസ്(136), അർജുൻ ഉണ്ണികൃഷ്ണൻ (145) എറണാകുളം സ്വദേശി പി.കെ. സിദ്ധാർത്ഥ്(189), കോഴിക്കോട് സ്വദേശി ആർ.ശ്രീകുമാർ(192) എന്നിവരാണ് ഈ നേട്ടം കുറിച്ചത്.
മൊത്തം യോഗ്യത നേടിയവരിൽ 214 പേർ ജനറൽ വിഭാഗവും, 73 പേർ സാമ്പത്തിക സംവരണ വിഭാഗവും, 203 പേർ ഒ.ബി.സിയും 105 പേർ പട്ടികജാതിയും 60പേർ പട്ടിക വർഗ്ഗവുമാണ്.
ഇവർക്ക് മെറിറ്റ് ക്രമത്തിൽ, ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് 'എ', ഗ്രൂപ്പ് 'ബി' എന്നിവയിൽ നിയമനം ലഭിക്കും.സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ മലയാളികളെയും, ,മികച്ച പരിശീലനം നൽകിയ സിവിൽ സർവ്വീസ് അക്കാഡമിയേയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.