modi

ന്യൂഡൽഹി: ' തണലേകാൻ രക്ഷിതാക്കളില്ലെങ്കിലും, കുട്ടികളേ...നിങ്ങൾക്കിനി സ്വതന്ത്രമായി സ്വപ്നം കാണാം. അതിന് യാതൊന്നും തടസമാകില്ല. തെറ്റും ശരിയും പറഞ്ഞു തന്ന് നേർവഴി കാട്ടാൻ ഇത്രയും കാലം രക്ഷിതാക്കളുണ്ടായിരുന്നു. അവരുടെ വിടവ് നികത്തുക എളുപ്പമല്ല. പക്ഷേ, നിങ്ങൾ ഒറ്റയ്‌ക്കല്ല. നിങ്ങളുടെ സുഖ, ദുഃഖങ്ങളിൽ രാജ്യം ഒപ്പമുണ്ടാകും. നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകും''.- കൊവിഡ് മൂലം അനാഥരായ 4000ത്തോളം കുട്ടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തുകളിലെ വരികളാണിത്. ഹിന്ദിയിലും ഇംഗ്ളീഷിലും പ്രാദേശിക ഭാഷകളിലായി മോദി എഴുതിയ കത്തിലെ ഉള്ളടക്കം കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് പുറത്തുവിട്ടത്.

പ്രായപൂർത്തിയാകും വരെ സാമ്പത്തിക സഹായം ഉറപ്പു നൽകുന്ന പി.എം. കെയേഴ്സ് പദ്ധതി കുട്ടികളുടെ ഭാവി ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.

ഒറ്റപ്പെ‌ടലിന്റെ വേദനയെക്കുറിച്ച് പറയവെ, ഒരു നൂറ്റാണ്ട് മുമ്പ് കൊവിഡിന് സമാനമായ മഹാമാരി മൂലം അമ്മൂമ്മയെ നഷ്ടമായ കാര്യം മോദി വിവരിച്ചു.' എന്റമ്മയുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു. മുഖം പോലും ശരിക്കും ഒാർമ്മയില്ലായിരുന്നു. ആ സ്‌നേഹവാത്സല്യങ്ങളില്ലാതെ ഒറ്റയ്ക്ക് അവർ വളർന്നത് എങ്ങനെയാകുമെന്ന് ആലോചിച്ചു നോക്കൂ. അതിനാൽ നിങ്ങളുടെ മനസിലെ വേദനയും സംഘർഷങ്ങളും എനിക്ക് മനസിലാകുമെന്നും' മോദി വിശദമാക്കി.