pollice-station

തൃപ്പൂണിത്തുറ: വിദേശികളും അന്യസംസ്ഥാനക്കാരും ഉൾപ്പടെ ആയിരക്കണക്കിന് ഭക്തരെത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖതീർത്ഥാടന കേന്ദ്രമായ ചോറ്റാനിക്കരയിലെ പൊലീസ് സ്റ്റേഷന്റെ അവസ്ഥ പരമദയനീയം.

പഴയ പഞ്ചായത്ത് ഓഫീസിന്റെ മുൻഭാഗത്തെ കടമുറികൾക്ക് പിന്നിലാണ് മൂന്നുമുറി പൊലീസ് സ്റ്റേഷൻ. ഷീൽഡും ലാത്തിയും വയ്ക്കാൻ ഇടമില്ല. തോക്കുകൾ സൂക്ഷിക്കാൻ സ്ട്രോംഗ് റൂമുമില്ല. പരാതിക്കാർ അധികം വന്നാൽ പുറത്തു നിൽക്കണം.

എസ്.എച്ച്.ഒയും 7 വനിതാ പൊലീസുകാരുമുൾപ്പെടെ 32 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. വനിതാ പൊലീസുകാർക്ക് വസ്ത്രം മാറാൻ വരെ കഷ്ടപ്പാടാണ്. കൊച്ചിൻ ദേവസ്വം ബോർഡിന് കനിവ് തോന്നി അനുവദിച്ച സമീപത്തെ മുറിയിൽ പോയാണ് ഇവർ യൂണിഫോം മാറുന്നത്.

രണ്ടു ടോയ്ലറ്റുകളിൽ ഒരെണ്ണമേ ഉപയോഗ യോഗ്യമായുള്ളൂ. കെട്ടിടം ദേവസ്വം ബോർഡിന്റെ സെപ്റ്റിക്ക് ടാങ്കിനടുത്തായതിനാൽ ആകെ നാറ്റക്കേസാണ്. പലപ്പോഴും ദുർഗന്ധത്താൽ വശംകെടുകയാണ് പൊലീസും പ്രതികളും പരാതിക്കാരും.

പൊലീസുകാരുടെ ഇരുചക്രവാഹനങ്ങൾ വയ്ക്കാൻ പോലും സൗകര്യമില്ല. കേസുകളിൽ പെടുന്ന വാഹനങ്ങളുടെ സ്ഥിതി പറയാനുമില്ല.

മുളന്തുരുത്തി സ്റ്റേഷൻ വിഭജിച്ചാണ് ചോറ്റാനിക്കര സ്റ്റേഷൻ സ്ഥാപിച്ചത്. മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ കീഴിൽ ആയിരുന്ന ചോറ്റാനിക്കര ഇപ്പോൾ പുത്തൻകുരിശ് ഡിവൈ.എസ്.പിയുടെ കീഴിലായി.

പുതിയ കെട്ടിടത്തിന് ആഭ്യന്തരവകുപ്പ് സമ്മതം മൂളിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇപ്പോഴുള്ള പൊലീസ് സ്റ്റേഷനിലെ മുകളിലെ നിലയിലാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതി. പഞ്ചായത്ത് കെട്ടിടത്തിൽ ഒഴിവുള്ള ഭാഗത്ത് പൊലീസ് സ്റ്റേഷനും കോടതിക്കും സ്ഥലം അനുവദിച്ചാൽ തത്കാലം പരിഹാരമാകും.

 ഇല്ലായ്മകൾ

ലോക്കപ്പില്ല

ഫയൽ സൂക്ഷിക്കാനിടമില്ല

ടോയ്ലറ്റ് സൗകര്യം പരിമിതം.

വസ്ത്രം മാറാൻ സൗകര്യമില്ല

തോക്കുകൾ വയ്ക്കാൻ സ്ട്രോംഗ്റൂമില്ല

 ലോക്കപ്പില്ല

കേരളത്തിൽ ലോക്കപ്പ് ഇല്ലാത്ത അപൂർവം സ്റ്റേഷനുകളിൽ ഒന്നു കൂടിയാണിത്. പ്രതികളെ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് പാർപ്പിക്കുന്നത്. അവിടെ അവർക്കൊപ്പം പൊലീസുകാർ പാറാവിരിക്കണം. എന്തെങ്കിലും കാരണവശാൽ അങ്ങോട്ട് കൊണ്ടു പോകാൻ കഴിഞ്ഞില്ലെങ്കിൽ സ്റ്റേഷനിൽ തന്നെ രാത്രി ഉറക്കമൊഴിച്ച് കാവലിരിക്കണം.