പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ കവലയിൽ ശനിയാഴ്ച രാത്രിയിൽ ഇന്നോവ കാർ ഇടിച്ച് ഇല്ലിക്കൽ ദേവസ്വം യോഗം ബിൽഡിംഗിലെ പൂജാ സ്റ്റോഴ്സ് തകർന്നു. ശനിയാഴ്ച രാത്രി 10 മണിയോടെ കുമ്പളങ്ങിയുടെ വടക്ക് ഭാഗത്ത് നിന്ന് വന്ന വാഹനം അമിത വേഗതയിൽ അഴിക്കകം ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് കടയിൽ ഇടിച്ച് കയറുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ഓട് മേഞ്ഞ മേൽകൂരയ്ക്ക് ഇളക്കം വന്ന് കഴുക്കോലുകൾ ഒടിഞ്ഞ് മാറിയ നിലയിൽ ഓടുകൾ ഇളകി നിലം പതിഞ്ഞു. കടയുടെ ഷട്ടർ പൂർണ്ണമായും നശിച്ചു.

കടയിലെ അലമാരകൾ, കൗണ്ടറുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിത്യോപക പൂജാസാധനങ്ങളും അനുബന്ധ വസ്തുക്കളും എല്ലാം ഉപയോഗശൂന്യമായി.ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്ക് മേൽ നാശനഷ്ടം സംഭവിച്ചതായി ഉടമ അറക്കപ്പാടത്ത് അംബുജൻ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഹനം കസ്റ്റഡിയിലെടുത്തു. വാടക കാർ കൊടുക്കാൻ പോയതായിരുന്നു യുവാക്കൾ .