മൂവാറ്റുപുഴ: ഉത്പാദന ചെലവിന് ആനുപാതികമായ വില വിപണിയിൽ തുടർച്ചയായി ലഭിക്കാത്തപ്പോൾ കാർഷിക മേഖലയിൽനിന്ന് കർഷകർ പിന്തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഓൾകേരള പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള പൈനാപ്പിൾ ഫെസ്റ്റ് വാഴക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊവിഡ് പ്രതിസന്ധി വളരെയേറെ പ്രതികൂലമായി ബാധിച്ച കാർഷിക മേഖലയാണ് പൈനാപ്പിൾ. ഉത്പാദനം കൃത്യമായി നടന്നാലും നേരിയ കാലാവസ്ഥാ വ്യതിയാനംപോലും കർഷകരെ ദോഷകരമായി ബാധിക്കുന്നു. റബർമേഖലയ്ക്ക് നഷ്ടംസംഭവിച്ചപ്പോൾ ആവർത്തനകൃഷി ചെയ്യുമ്പോഴത്തെ ഇടവിളയായ പൈനാപ്പിൾ കൃഷിയാണ് അല്പമെങ്കിലും തുണയായത്. റബർ - പൈനാപ്പിൾ സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിക്കണം. ഉത്പാദനം കുറവായ സമയത്തെ ഉപയോഗത്തിനായി ഉത്പന്നങ്ങൾ സംഭരിച്ചുവയ്ക്കാനുള്ള സാദ്ധ്യതയും കർഷകർക്ക് ഗുണകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പി.ജെ.ജോസഫ് എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എം.എൽ.എ എൽദോ എബ്രഹാം, വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി ചെയർമാൻ ജോസ് ടോം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസി ജോസ്, ജോർജ് ഫ്രാൻസിസ് തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസി ജോളി, കെ.ജി. രാധാകൃഷ്ണൻ, പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, പഞ്ചായത്ത് അംഗം പി.എസ്. സുധാകരൻ, പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ് തോട്ടുമാരിക്കൽ, സെക്രട്ടറി ജോജോ ജോസഫ് വടക്കുംപാടത്ത്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് തുടങ്ങിയർ പ്രസംഗിച്ചു.
സംസ്ഥാന പൈനാപ്പിൾശ്രീ അവാർഡ് ജേതാവ് കെ.എൻ. സത്യൻ കല്ലിങ്കലിന് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്‌കാരം നൽകി. സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ആയവന കൃഷി ഓഫീസർ അഞ്ജു പോളിനെ യോഗത്തിൽ ആദരിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിൾ പാചകമത്സരം, വിള മത്സരം,കാർഷിക സെമിനാർ എന്നിവയും നടത്തി. വിവിധ മത്സരങ്ങളിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.