1

തൃക്കാക്കര: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കാക്കനാട് പാട്ടുപുരക്കാവ് ദേവി ക്ഷേത്രത്തിൽ പൊങ്കാല നടന്നു. രാവിലെ 6 മണി മുതൽ തന്നെ ജില്ലാ കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് സ്ത്രീകൾ പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിലേക്കെത്തി. ക്ഷേത്രത്തിന് ചുറ്റുപാടുമുള്ള ആറ് ഏക്കർ സ്ഥലം ഭക്തരുടെ പൊങ്കാല അടുപ്പുകൾ കൊണ്ട് നിറഞ്ഞു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.ഡി സുരേഷും നിർമ്മൽ ആനന്ദും ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് സി.എം മിനി തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 8 മണിക്ക് ക്ഷേത്രം തന്ത്രി ഹരി നാരായണൻ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് പകർന്ന് നൽകിയ അഗ്‌നി ക്ഷേത്രം മേൽ ശാന്തി അജിത് പണ്ടാര പൊങ്കാല അടുപ്പിന് പകർന്നതിനെ തുടർന്ന് പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10 മണിക്ക് ഭക്തർ നൽകിയ പൊങ്കാല ദേവിക്ക് നേദിച്ചുകൊണ്ട് ചടങ്ങ് അവസാനിച്ചു.