
കൊച്ചി: കാസർകോട് ഷവർമ്മ ദുരന്തം പോലുള്ള അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അനധികൃത ഭക്ഷണവിതരണ സ്ഥാപനങ്ങൾ നിരോധിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അനധികൃത സ്ഥാപനങ്ങളിൽ സുരക്ഷാപരിശോധന നടക്കാറില്ല. അവിടങ്ങളിലുണ്ടാകുന്ന അനിഷ്ടസംഭവങ്ങളുടെ പേരിൽ ബലിയാടാകുന്നത് നിയമാനുസൃതമായ ലൈസൻസുകളോടെ പ്രവർത്തിക്കുന്ന ഹോട്ടലുകമാണ്. ലോക്ക്ഡൗണിനുശേഷം പാതയോരങ്ങളിൽ അനധികൃത ഭക്ഷണവില്പനശാലകൾ മുളച്ചുപൊങ്ങി. തദ്ദേശ സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനും സംഘടന പലകുറി പരാതി നൽകിയതാണ്.
കാസർകോട് ഭക്ഷ്യദുരന്തിനിടയാക്കിയ സ്ഥാപനം കെ.എച്ച്.ആർ.എ അംഗമല്ല. അനധികൃത സ്ഥാപനങ്ങളിലെ അനിഷ്ട സംഭവങ്ങളുടെ പേരിൽ നിയമാനുസൃതം പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ഉത്സവസീസണിലെ അനാവശ്യപരിശോധനകൾ ഒഴിവാക്കണമെന്നും പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.