കൊച്ചി: അല്പമൊന്ന് വിയർത്തെങ്കിലും ജില്ലയെയാകെ ആശങ്കയിലാഴ്ത്തിയ 'ആമ സംഘത്തെ' പൊലീസ് ഇരുമ്പഴിക്കുള്ളിലാക്കി. രണ്ടാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് ആക്രിപെറുക്കലെന്ന വ്യാജേനെ കൈക്കുഞ്ഞുമായി കറങ്ങിനടന്ന് കവർച്ച നടത്തുന്ന നാടോടി സ്ത്രീകളുടെ നാലംഗസംഘം പിടിയിലായത്.
കോഴിക്കോട് തിരുവോട് കോട്ടൂർ ലക്ഷം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് സുൽത്താൻബത്തേരി കേണിച്ചിറ പൂതാടി കരയിൽ മണിക്കുന്ന് വീട്ടിൽ മാരിമുത്തുവിന്റെ ഭാര്യ ദേവി (22), കേണിച്ചിറ പൂതാടി കരയിൽ മണിക്കുന്ന് വീട്ടിൽ മുത്തപ്പന്റെ ഭാര്യ കസ്തൂരി (22), കേണിച്ചിറ പൂതാടി കരയിൽ മണിക്കുന്ന് വീട്ടിൽ കേശവന്റെ ഭാര്യ ദേവി (21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ലക്ഷ്‌മി ആശുപത്രിക്ക് സമീപത്തെ അമേരിക്കൻ മലയാളി പടമാടൻവീട്ടിൽ എം.സി ജോണിന്റെ വീട്ടിൽ നിന്ന് പട്ടാപ്പകൽ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലാണ് അറസ്റ്റ്. ഇവരുടെ ഭർത്താക്കന്മാരെല്ലാം കടുത്ത മദ്യപരായതിനാൽ കുട്ടികളെ ചൈൽഡ് വെൽഫെയൽ കമ്മിറ്റിക്ക് കൈമാറി.
പ്രതികളിൽ നിന്ന് ഏതാനും പവൻ സ്വർണവും 2.27 ലക്ഷം രൂപയും കണ്ടെടുത്തു. വയനാട് സ്വദേശിയും ആക്രി വ്യാപാരിയുമായ ഗണേശനാണ് കളവ് മുതൽ വിൽക്കാൻ സഹായിച്ചത്. ഇയാളെ അഞ്ചാം പ്രതിയാക്കും. പ്രതികളുടെ ഭർത്താക്കന്മാർക്കും കവർച്ചയിൽ പങ്കുണ്ടെന്നാണ് കരുതുന്നത്.
വിഷുദിനത്തിലായിരുന്നു വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയുള്ള മോഷണം. 20 പവൻ ആഭരണങ്ങളും 3.2 ലക്ഷം രൂപയും റോളക്‌സ് വാച്ച് ഉൾപ്പെടെ വൻതുകയുടെ വസ്തുക്കളും തുകയുടെ അമേരിക്കൻ ഡോളറുമാണ് മോഷ്‌ടിച്ചത്. ജോണും ഭാര്യയും ഭാര്യാസഹോദരിയും കോവളത്തുപോയ തക്കത്തിനായിരുന്നു കവർച്ച. ഈസ്റ്ററിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച മനസിലായത്.
സമീപത്തെ വീട്ടിലെ സി.സി.ടിവി ക്യാമറ പരിശോധിച്ചാണ് പിന്നിൽ നോടോടി സ്ത്രീകളാണെന്ന് തിരിച്ചറിഞ്ഞത്. ആമകളെ പിടിച്ച് ചുട്ടു തിന്നുള്ള ശീലമുള്ളതിനാലാണ് ഇവരെ ആമസംഘമെന്നു വിളിക്കുന്നത്.
കവർച്ച നടത്തിയ ശേഷം പിരിഞ്ഞവരെ കോട്ടയം,വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ വിജയ് ശങ്കർ, എളമക്കര എസ്.എച്ച്.ഒ സാബുജി, സെൻട്രൽ എസ്.ഐ പ്രേംകുമാർ, എ.എസ്.ഐമാരായ അഖിൽ, ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റെജി മോൾ, എസ്.സി.പി.ഒമാരായ രാജേഷ്, ഇഗ്നേഷ്യസ്, വിനോദ്, വിനീത്, അജിലേഷ്, ഉണ്ണികൃഷ്ണൻ, ഷിഹാബ്, പ്രബലാൽ, ഷൈജി എന്നിവരുടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.