കൊച്ചി: പിന്നാക്ക സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി നിലകൊള്ളുന്ന മാദ്ധ്യമമാണ് കേരളകൗമുദിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളകൗമുദി കൊച്ചി യൂണിറ്റ് കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗവും കേരളകൗമുദിയും ഒരേ തൂവൽപക്ഷികളാണ്. പിന്നാക്ക സമുദായങ്ങളുടെ സാമൂഹ്യപുരോഗതിയാണ് ഇരു പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം. അധ:സ്ഥിത വിഭാഗങ്ങളുടെ രക്ഷയ്ക്കായി കേരളകൗമുദി കൂടി ഇല്ലായിരുന്നെങ്കിൽ സ്ഥിതി മറിച്ചായേനെ. അവഗണിക്കപ്പെട്ടവരുടെ പോരാട്ടങ്ങൾക്ക് വേണ്ടി പടവാളായി പ്രവർത്തിച്ച പാരമ്പര്യമാണ് കേരളകൗമുദിയുടേത്.
ഇക്കാലമത്രയും കേരളകൗമുദി തന്റെ പ്രവർത്തനത്തിന് പിൻബലമേകിയിട്ടുണ്ട്. പത്രാധിപർ സുകുമാരന്റെ ഉപദേശം സ്വീകരിച്ചാണ് ചെറുപ്പകാലത്ത് പലപ്പോഴും പ്രവർത്തിച്ചിരുന്നത്. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി 1964ൽ ചുമതലയേറ്റശേഷമാണ് അവിടെ നടന്നുവന്ന അപരിഷ്കൃതമായ വേലപടയണിയും കള്ളുപൂജയും അവസാനിപ്പിച്ചത്. എത്രയും വേഗം ഈ അപരിഷ്കൃത ചടങ്ങ് നിറുത്താനാണ് പത്രാധിപർ സുകുമാരൻ നിർദേശിച്ചത്. ഗംഭീരമായ ഘോഷയാത്രയോടെ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ സാന്നിദ്ധ്യത്തിൽ ഗുരുദേവ പ്രതിമ സ്ഥാപിച്ച് ഉത്സവം നടത്തി ഈ അനാചാരം അവസാനിപ്പിക്കുകയായിരുന്നു.
കോപ്പിവർദ്ധനവിനും പരസ്യത്തിനും വേണ്ടി മറ്റ് പത്രങ്ങൾ പ്രവർത്തിക്കുമ്പോൾ നിലപാടുകളിലുറച്ച് നിന്ന് ശക്തമായ സമീപനം കൈക്കൊണ്ട ചരിത്രമാണ് കേരളകൗമുദിയുടേതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഇറക്കാൻ വരുന്നവരെ മൂലയിലിരുത്തും
താൻ വഹിക്കുന്ന ചുമതലകളിൽ നിന്ന് പെട്ടെന്നങ്ങ് പുറത്താക്കാമെന്ന് വിചാരിച്ചു വരുന്നവരെ മൂലയിലിരുത്തിയ ചരിത്രമേയുള്ളൂവെന്നും ഇനിയും അത്തരക്കാരെ മൂലയിലിരുത്തുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി ചുമതലയേറ്റിട്ട് 57 വർഷമായി. യോഗം ജനറൽ സെക്രട്ടറിയായി കാൽ നൂറ്റാണ്ട് പിന്നിട്ടു. എസ്.എൻ.ട്രസ്റ്റ് ട്രസ്റ്റ് സെക്രട്ടറിയായിട്ട് 28 വർഷവും. ഏറ്റെടുക്കുന്ന സ്ഥാനത്ത് നിന്ന് പെട്ടെന്നൊന്നും ഇറങ്ങുന്ന സ്വഭാവം തനിക്കില്ല. ജനപിന്തുണയാണ് തന്റെ ശക്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.