കോലഞ്ചേരി: കൊച്ചി - ധനുഷ്കോടി ദേശീയപാത വടയമ്പാടിയിൽ എസ്.എൻ.ഡി.പി മന്ദിരത്തിനു സമീപം പൈപ്പ് പൊട്ടി തകർന്ന റോഡ് സേവാഭാരതി പ്രവർത്തകർ കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കി. മാസങ്ങളായി തകർന്നുകിടന്ന റോഡിൽ നിരവധി അപകടങ്ങളുണ്ടാവുകയും ധാരാളം ആളുകൾക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പുമായും ദേശീയപാത അതോറിറ്റിയുമായും ബന്ധപ്പെട്ടപ്പോൾ ജല അതോറിറ്റിയാണ് നന്നാക്കേണ്ടതെന്ന മറുപടിയാണ് കിട്ടിയത്. ജല അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ അവർ കൈമലർത്തി. ഈ സാഹചര്യത്തിലാണ് സേവാഭാരതി പ്രവർത്തകർ ജോലി ഏറ്റെടുത്തത്. നാല്പതോളം വരുന്ന പ്രവർത്തകർ നാട്ടുകാരുടെ സഹായത്തോടെ, താറുമാറായിക്കിടന്ന ഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്തു.
കഴിഞ്ഞദിവസം സ്‌കൂട്ടർ യാത്രികയ്ക്ക് ഇവിടെ കുഴിയിൽവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടയിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. അമ്പതിലധികം വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.