കേരളകൗമുദി നിലപാടുകളിൽ ഉറച്ചു നിന്ന മാദ്ധ്യമം
കൊച്ചി: ഉന്നതമായ സാമൂഹിക ബോധവും ഉദാത്തമായ മനുഷ്യബന്ധവും വളർത്തിയെടുക്കേണ്ട കാലഘട്ടമാണിതെന്ന് സംസ്ഥാന സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നെടുമ്പാശേരി സിയാൽ ഗോൾഫ് ക്ളബ്ബിൽ കേരളകൗമുദി കൊച്ചി യൂണിറ്റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക ലോകത്ത് മനുഷ്യർ തമ്മിലുള്ള മാനസിക അകലം കൂടുകയാണ്. മാതാപിതാക്കൾ മക്കൾക്കായും തിരിച്ചും നിർവഹിക്കേണ്ട കടപ്പാടുകളുണ്ട്. കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തിയെടുക്കേണ്ടതുപോലെ വാർദ്ധക്യത്തിൽ മാതാപിതാക്കൾ പരിചരിക്കപ്പെടുകയും വേണം. കുടുംബ ബന്ധങ്ങളിലേക്കും സാമൂഹിക രംഗങ്ങളിലേക്കും ഇറങ്ങിച്ചെല്ലാൻ പ്രചോദനമാകുന്ന രീതിയിൽ കുടുംബസംഗമങ്ങൾ പോലുള്ള ഒത്തുചേരലുകളെ പ്രോത്സാഹിപ്പിക്കേണ്ട കാലമാണിത്.
പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി ഒരു വിട്ടുവീഴ്ചയുമില്ലാതെ അവിരാമം പ്രവർത്തിക്കുന്ന മാദ്ധ്യമമാണ് കേരളകൗമുദി. അടിമബോധത്തിൽ നിന്ന് അവകാശ ബോധത്തിലേക്ക് ഒരു സമൂഹത്തെ കൊണ്ടുവരികയും ഇപ്പോഴും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന കേരളകൗമുദിക്ക് ചരിത്രപരമായ ദൗത്യങ്ങൾ ഇനിയും ഏറ്റെടുക്കാനാകണമെന്നും മന്ത്രി വാസവൻ പറഞ്ഞു.
യോഗത്തിൽ കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി കൊച്ചി യൂണിറ്റിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കുള്ള പുരസ്കാരങ്ങളും കർമ്മമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള കേരളകൗമുദി എക്സലൻസ് പുരസ്കാരങ്ങളും സേവനരംഗത്ത് മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഗുരുപ്രഭാ പുരസ്കാരങ്ങളും മന്ത്രി വി.എൻ.വാസവനും വെള്ളാപ്പള്ളി നടേശനും ചേർന്ന് വിതരണം ചെയ്തു.
കുടുംബസംഗമ പ്രത്യേക പതിപ്പ് കേരളകൗമുദി ഡി.ജി.എം മാർക്കറ്റിംഗ് റോയ് ജോണിനും തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്.കിരണിനും നൽകി വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്തു.
കേരളകൗമുദിയിൽ ദീർഘനാളത്തെ സേവനത്തിന് ശേഷം കൊച്ചി യൂണിറ്റിൽ നിന്ന് വിരമിക്കുന്ന സർക്കുലേഷൻ മാനേജർ സി.വി. മിത്രനുള്ള ഉപഹാരം വെള്ളാപ്പള്ളി നടേശനും മന്ത്രി വാസവനും ചേർന്ന് സമ്മാനിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും യോഗത്തിൽ സംബന്ധിച്ചു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതവും ന്യൂസ് എഡിറ്റർ ആർ.ലെനിൻ നന്ദിയും പറഞ്ഞു.