ആലുവ: ആലുവ അദ്വൈതാശ്രമ ഭൂമിയിലെ ഈദ് ഗാഹ് നമസ്കാരം മതസൗഹാർദ്ദ സംഗമത്തിന് സാക്ഷിയായി. ഏഷ്യയിലെ ആദ്യ സർവ്വമത സമ്മേളനത്തിന് സാക്ഷ്യം വഹിച്ച ഭൂമിയിൽ ആലുവ മസ്ജിദ് അൽ അൻസാറിന്റെ ആഭിമുഖ്യത്തിലാണ് ഈ ദ് ഗാഹ് നമസ്കാരം സംഘടിപ്പിച്ചത്.

ഈദ് ഗാഹിന് ശേഷം നടന്ന യോഗത്തിൽ ഇതര സമുദായ പ്രതിനിധികൾ ആശംസകൾ നേർന്നു. മതേതര ഭാരതത്തിൽ എന്നും സമാധാന കാഹളം മുഴങ്ങട്ടേയെന്ന പ്രാർത്ഥനയോടെ വേദിയിൽ നിന്ന് വെള്ളരി പ്രാവുകളെ പറത്തി.

ആലുവയിലെ ഹിന്ദു, ക്രൈസ്തവ, മുസ്ലീം മത വിഭാഗങ്ങളെ കോർത്തിണക്കി അദ്വൈതാശ്രമത്തിന്റെ ആതിഥേയത്വത്തിൽ വിവിധ പരിപാടികൾ ഇതിന് മുമ്പും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ആശ്രമം സ്ഥലത്ത് ആദ്യമായിട്ടാണ് ഈദ് ഗാഹ് നമസ്കാരം സംഘടിപ്പിക്കുന്നത്. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, ഫാ. പോൾ തേലക്കോട്ട്, ഫാ. പോൾ വി. മാടൻ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, അദ്വൈതാശ്രമം പ്രതിനിധി വി.ഡി. രാജൻ, നഗരസഭാംഗം കെ. ജയകുമാർ, സേവാഭാരതി പ്രസിഡന്റ് വിഷ്ണു ബി. മേനോൻ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം കെ.ജി. ഹരിദാസ്, എം.എൻ. സത്യദേവൻ, കെ. ജയപ്രകാശ്, വേണുഗോപാൽ, കെ.എ. മേനോൻ, പി. രഘുകുമാർ, പി. മാധവകുമാർ, പി. രാമചന്ദ്രൻ, വി.ടി. ചാർളി, ചിന്നൻ ടി. പൈനാടത്ത്, ജോബി തോമസ്, രാജു കുമ്പളാൻ തുടങ്ങിയവർ ആശംസ നേരാനെത്തി.

സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലേറെ പേർ നമസ്‌കാരത്തിൽ പങ്കെടുത്തു. മസ്ജിദ് അൽ അൻസാർ ഖത്തീബ് ടി.കെ. അബ്ദുസലാം നമസ്കാരത്തിന് നേതൃത്യം നൽകി. എ.കെ. മുഹമ്മദാലി, അൻവർ സാദത്ത് കുന്നത്ത്, എം.എ. അബ്ദുൾ സലാം, എം.എം. റിയാസ്, സാബു പരിയാരത്ത്, കെ.കെ. സലീം, പി.എ. ഹംസക്കോയ, അബ്ദുൾ ഗഫൂർ ലജന്റ് തുടങ്ങിയവർ നേതൃത്വം നൽകി.