ആലുവ: അന്യസംസ്ഥാന തൊഴിലാളികളെ ചേർത്തുപിടിച്ച് ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ ഈദുൽ ഫിത്തർ ആഘോഷം. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾക്കപ്പുറമാണ് ഈദ് മാനവ സമൂഹത്തിന് നൽകുന്ന സന്ദേമെന്ന് പ്രഖ്യാപിച്ചാണ് ഇവിടെ ചെറിയ പെരുന്നാൾ നമസ്‌കാരം നടന്നത്.

കൊവിഡ് മഹാമാരിയെ തുടർന്ന് തുടർച്ചയായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മസ്ജിദിൽ പെരുന്നാൾ നിസ്‌കാരത്തിന് വിശ്വാസികൾ ഒത്തുചേർന്നത്. മലയാളം, അറബി ഭാഷകൾക്കു പുറമേ ഹിന്ദി, ഉറുദു ഭാഷകളിൽ ചീഫ് ഇമാം അൻവർ മുഹ്യുദ്ദീൻ ഹുദവി ഈദ് സന്ദേശം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ സുഗന്ധം പൂശിയും മധുര പലഹാരങ്ങൾ നൽകിയും മസ്ജിദ് പരിപാലന സമിതി സ്വീകരിച്ചു. ആസാം, പശ്ചിമ ബംഗാൾ, ബീഹാർ, ഒറീസ, കാശ്മീർ, ന്യൂഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നമസ്‌കാരത്തിൽ പങ്കാളികളായി.

മസ്ജിദ് ഇമാം കെ.എം. ബഷീർ ഫൈസി, അസി. ഇമാമുമാരായ അൻവർ ഹുസൈൻ മൗലവി, മുഹമ്മദ് അലിമുദ്ദീൻ മൗലവി, നഗരസഭാ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ, മസ്ജിദ് പരിപാലന സമിതി അംഗങ്ങളായ കെ.കെ. അബ്ദുൾ സലാം ഇസ്ലാമിയ, സി.യു. സൈനുദ്ദീൻ, കെ.കെ. അബ്ദുല്ല ഇസ്ലാമിയ, താഹ സൈന, സാനിഫ് അലി എന്നിവർ നേതൃത്വം നൽകി.