മൂവാറ്റുപുഴ: ജനങ്ങൾ കുടിവെള്ളമില്ലാതെ നട്ടംതിരിയുമ്പോൾ മുൻ എം.എൽ.എ പണികഴിയിപ്പിച്ച ജലവിതരണ പദ്ധതി ആർക്കും ഉപയോഗിക്കാനാകാതെ കാട് കയറി നശിക്കുന്നു. മുൻ എം.എൽ.എ ജോസഫ് വാഴക്കന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ മുതൽ മുടക്കി ഉണ്ടാക്കിയ പദ്ധതിയാണ് ഇപ്പോൾ നാശത്തിന്റെ വക്കിൽ നിൽക്കുന്നത്. കിണറും ഫിൽട്ടർ സംവിധാനവും മോട്ടോറും എൺപതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതിയാണിത്.

വേനൽ കനക്കുന്നതോടെ മാറാടി പഞ്ചായത്തിലെ 9 ,10 ,11 ,വാർഡിലെ ജനങ്ങളാണ് കുടിവെള്ളത്തിനായി വലയുന്നത്. ജനങ്ങളുടെ കുടിവെള്ളപ്രശനങ്ങൾ കണ്ടിട്ടും കാണാത്ത മട്ടിലാണ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ജനപ്രതിനിധികളും. പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് പ്രകാരം പദ്ധതി വാട്ടർ അതോറിറ്റി ഏറ്റെടുത്ത് നിലവിലുള്ള പൈപ്പ് ലൈനിൽ കൂടി കുടിവെള്ളം വിട്ടാൽ മാത്രമേ ഇവിടുത്തെ ജലക്ഷാമം പരിഹരിക്കപ്പെടുകയുള്ളൂ. എം.എൽ.എയും പഞ്ചായത്ത് ജനപ്രതിനിധികളും ശക്തമായി ഇടപ്പെട്ട് വാട്ടർ അതോററ്റിയെ കൊണ്ട് പദ്ധതി ഏറ്റെടുപ്പിച്ച് നാടിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈസ്റ്റ് മാറാടി സബ്‌സ്റ്റേഷന് സമീപം നേരത്തെ ഉണ്ടായിരുന്ന കുഴൽക്കിണർ പമ്പ് ഹൗസ് റോഡ് നിർമ്മാണത്തിനിടെ നിർത്തലാക്കിയതാണ് ഈ പ്രദേശത്ത് കുടിവെള്ളം ക്ഷാമം രൂക്ഷമാകാൻ കാരണമായെന്നും നാട്ടുകാർ പറയുന്നു. എം.വി.ഐ.പി കനാലിൽ നിന്നും പൗലി തോട്ടിലേക്ക് വെള്ളം തുറന്ന് വിടുകയും തോടിനു കുറുകെ ചെക്ക്ഡാം നിർമ്മിക്കുകയും ചെയ്താൽ കടുത്ത വേനലിൽ പോലും പ്രദേശവാസികൾക്ക് കുടിവെള്ളം ലഭിക്കും. മണിയൻകല്ല് കുടിവെള്ള പദ്ധതി വാട്ടർ അതോറിറ്റി ഏറ്റെടുത്ത് കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും 80 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പദ്ധതി പാഴാകാതെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാറാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാബു ജോൺ, ഡോ.മാത്യു കുഴൽനാടന് എം.എൽ.എയ്ക്ക് നിവേദനം നൽകി.