തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലെ പൊതുമരാമത്ത് നിർമ്മാണപ്രവർത്തനങ്ങൾ ചെയർപേഴ്സൺ തടയുന്നെന്ന് പരാതി. കഴിഞ്ഞ 13ന് ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ ഒമ്പത് വാർഡുകളിലെ 15 നിർമ്മാണങ്ങളാണ് ചെയർപേഴ്സൺ മാറ്റിവച്ചതെന്നാണ് ആരോപണം.
ഓൺ ഫണ്ട് ഉൾപ്പടെയുള്ളവ ഇതിലുണ്ട്. മഴക്കാലത്തിനുമുമ്പ് അടിയന്തരമായി ചെയ്യേണ്ടവപോലും മാറ്റിവച്ചുവെന്ന് കൗൺസിലർ ചന്ദ്രബാബു പറഞ്ഞു. മാർച്ച് 31ലെ കൗൺസിൽ യോഗത്തിന്റെ തീരുമാനങ്ങൾ അട്ടിമറിക്കുകയും മിനിറ്റ്സ് സെക്രട്ടറിയുടെ അനുവാദമില്ലാതെ വിതരണം ചെയ്യുകയും ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു, പി.സി. മനൂപ്, കെ.എക്സ്. സൈമൺ, അജുന ഹാഷിം എന്നിവർ വിജിലൻസിൽ പരാതി നൽകി.