ആലുവ: കിൻഫ്ര കുടിവെള്ള പദ്ധതിക്കായി പേരിയാറിൽ നിന്ന് ജലം ഊറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആലുവ പരിസ്ഥിതി സംരക്ഷണ സംഘം ആവശ്യപ്പെട്ടു. പദ്ധതി പെരിയാറിന്റെ നിലനിൽപ്പിന് ഭീഷണിയാണ്. 40 ലക്ഷത്തിലധികം പേരുടെ കുടിവെള്ള സ്രോതസായ പെരിയാറിലെ ജലം വ്യവസായാവശ്യത്തിന് എടുക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. കടമ്പ്രയാറിൽ നിന്നും മൂവാറ്റുപുഴയാറിൽ നിന്ന് പദ്ധതിക്ക് ജലം ലഭ്യമാക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കിൻഫ്ര കുടിവെള്ള പദ്ധതി പ്രദേശം ആലുവ പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധർ സന്ദർശിച്ചു. പരിസ്ഥിതി ശാസ്ത്രകജ്ഞൻ ഡോ. സി.എം. ജോയി, സമുദ്രശാസ്ത്രജ്ഞൻ ഡോ. ജോമോൻ ജോസഫ്, പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.