siji-joshy

മരട്: സന്തോഷ് ട്രോഫി കിരീടത്തിൽ കേരളം ഏഴാംവട്ടം മുത്തമിട്ടപ്പോൾ ആഹ്ളാദത്താൽ ആറാടി എറണാകുളം തൈക്കൂടവും. ഫൈനലിൽ ബംഗാളിനെതിരെ ഇറങ്ങിയ കേരളാ ടീമിന്റെ ഒന്നാം നിരയിലെ പ്രതിരോധ നിരക്കാരൻ സോയൽ ജോഷിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഒന്നിച്ചിരുന്ന് തൈക്കൂടം പൗരാവലി ഒരുക്കിയ ബിഗ് സ്‌ക്രീനിലാണ് കളി കണ്ടത്.

തൈക്കുടം സെന്റ് ആന്റണീസ് കപ്പേള ഹാളിൽ ചേർന്ന ചടങ്ങിൽ സോയൽ ജോഷിയുടെ മാതാവ് സിജി ജോഷിയെ തൈക്കൂടം പൗരാവലിക്കു വേണ്ടി ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റും ഭഗത് സോക്കർ ക്ലബ് സെക്രട്ടറിയുമായ വി.പി.ചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. ടൈറ്റസ് കൂടാരപ്പിള്ളി, ഡോ.പി.വി.ജോസഫ്, മാർട്ടിൻ പയ്യപ്പിള്ളി, കെ.ഡി.പീതാംബരൻ, ടി.വി.രാജേഷ്, പി.എ.ജോർജ്, ഇ.ആർ.അനിൽകുമാർ, സൂരജ് ജയൻ തുടങ്ങിയവർ സംസാരിച്ചു.

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയും കേരളത്തിന്റ ഒരോകിക്കും ബംഗാളിന്റെ ഗോൾവലയിൽ കുലുക്കുകയും ചെയ്‌തപ്പോൾ തൈക്കൂടത്തിന്റെ പ്രിയതാരം സോയൽ ജോഷിക്കും ജയ് വിളികളുയർന്നു. സോയലിന്റെ അമ്മ സിജി ജോഷി നാട്ടുകാർക്കൊപ്പം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഹ്ളാദത്തിൽ പങ്കുചേർന്നു.