
ആലുവ: ആലുവ മാർക്കറ്റിന് സമീപം അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചിറ്റാട്ടുകര കമ്പിവേലിക്കകത്ത് സംഗീത് (33) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 12 ന് രാത്രിയാണ് സംഭവം. പച്ചക്കറി മാർക്കറ്റ് വഴി നടന്നുവരികയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ സുരേഷിനെ സംഗീതും സംഘവും തടഞ്ഞു നിർത്തി ഈ വഴിക്ക് വന്നതെന്തിനെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തു. പറവൂർ, മുനമ്പം, ആലുവ സ്റ്റേഷനുകളിലായി സംഗീതിന്റെ പേരിൽ 20 കേസുകളുണ്ട്. ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ ടി.വി. ഷാജു, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, എൻ.എ. മുഹമ്മദ് അമീർ, കെ.എം. മനോജ്, എച്ച്. ഹാരിസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.