കൊച്ചി: കാസർകോട് ഷവർമ്മ കഴിച്ച വിദ്യാ‌ർത്ഥിനി മരിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ ഷവർമ്മ സ്റ്റാളുകളിൽ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാവകുപ്പ്. ഇന്നലെ 21 ഷോപ്പുകൾ പരിശോധിച്ചു. എട്ടു ഷോപ്പുകൾക്ക് നോട്ടീസ് നൽകി.

പരിശോധനയ്ക്ക് ശേഷം മൂന്നുപേരെ ഹീയറിംഗിന് വിളിച്ചു. ചിക്കനിൽ മസാല തേച്ച ശേഷം നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കാത്തതും എവിടെ നിന്നാണ് ചിക്കൻ വാങ്ങിയതെന്ന രജിസ്റ്രർ സൂക്ഷിക്കാത്തതുമായ കുറ്റമാണ് ചുമത്തിയത്. ഇവർക്കെതിരെ വലിയ പിഴ അടക്കമുള്ള നടപടികളുണ്ടാകും. പരിശോധനയിൽ ലൈസൻസ് ഹാജരാക്കത്തവർ ഉടൻ അവ ഹാജരാക്കാനും നിർദ്ദേശിച്ചു.

കാസർകോട്ടെ സംഭവത്തിനുശേഷം പല കടകളും വൃത്തിയാക്കി സൂക്ഷിക്കാൻ തുങ്ങിയതായി അധികൃതർ പറഞ്ഞു. കോഴിയിറച്ചി സൂക്ഷിക്കുന്ന കാര്യത്തിൽ പലർക്കും വ്യക്തമായ ധാരണയില്ലെന്ന് ഉദ്യോഗസ്ഥർ പറ‌ഞ്ഞു.

അടുത്തദിവസങ്ങളിലും പരിശോധന തുടരും. വൃത്തിയായ സാഹചര്യത്തിൽ ഗുണമേന്മയുള്ള ആഹാരമാണോ നൽകുന്നതുൾപ്പെടെ പരിശോധിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ അലക്സ് കെ. ഐസക് പറഞ്ഞു.