
ആലുവ: ഈദുൽ ഫിത്തർ ദിനം പ്രപഞ്ച നാഥന്റെ തൃപ്തി ലഭ്യമാവുന്ന രൂപത്തിൽ സുഗന്ധപൂരിതമാക്കണമെന്ന് ജീലാനി സ്റ്റഡി സെന്റർ മുഖ്യരക്ഷാധികാരി ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ പറഞ്ഞു. ആലുവ ജീലാനി ശരീഫിൽ നടന്ന പെരുന്നാൾ നിസ്‌കാരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്കർമങ്ങൾ കൊണ്ട് പെരുന്നാൾ ദിനത്തെ അലങ്കരിക്കുന്നവർക്കാണ് സർവ്വ സൗഭാഗ്യങ്ങളും.
പെരുന്നാൾ ഏതു ദിവസം ആകണമെന്ന തീരുമാനം പ്രപഞ്ചനാഥന്റെ അധികാരപരിധിയിൽ വരുന്നതാണ്. മാസപ്പിറവിയിലൂടെ ആ പുണ്യദിനം ഭൂമിയിൽ വിളംബരം ചെയ്യപ്പെടുന്നു. ലോകത്ത് എവിടെയെങ്കിലും പിറ ദൃശ്യമായാൽ ശവ്വാൽ മാസം പിറന്നുവെന്നുള്ള അറിയിപ്പാണ്. അത് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്ന ബാധ്യതയാണ് ഖാളിമാർക്കുള്ളത്. ഓരോ പ്രദേശത്തും വ്യത്യസ്തമായ ദിനങ്ങളിലല്ല പുണ്ണ്യ ദിനങ്ങളെ പ്രപഞ്ച നാഥൻ സംവിധാനിക്കുന്നത്. വ്യത്യസ്തമായ ദിനങ്ങളിലല്ല മാസം പിറക്കുന്നതും. ആകാശത്തെ തെളിച്ചം അനുസരിച്ചു ചിലയിടങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നുവെന്ന് മാത്രം. ഒരിടത്തു പിറ കണ്ടു മറ്റൊരിടത്തു കണ്ടില്ല എന്നതിനർത്ഥം ഒരിടത്തു മാസം പിറന്നില്ല എന്നല്ല, മറിച്ച് നമുക്ക് കാണാൻ കഴിഞ്ഞില്ലെന്ന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.