കൊച്ചി: മത്സ്യത്തൊഴിലാളികളെ അവഗണിച്ച് വിനോദ സഞ്ചാരത്തിന് മാത്രം ഊന്നൽ നൽകുന്ന സംസ്ഥാന സർക്കാരിന്റെ തീരദേശ പരിപാലന പദ്ധതി മത്സ്യമേഖലയുടെ മരണമണിയാകുമെന്ന് ആശങ്ക.

പരിസ്ഥിതി വകുപ്പ് സെക്രട്ടറി കെ. വേണു അദ്ധ്യക്ഷനായ മൂന്നംഗ സമിതി തയ്യാറാക്കിയ പദ്ധതിയാണ് സർക്കാർ തിടുക്കപ്പെട്ട് നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്നാണ് ആരോപണം. ദുരൂഹമായ തീരുമാനം മത്സ്യമേഖലയ്ക്കും തീരപ്രദേശത്തിനും അപരിഹാര്യമായ ദോഷങ്ങളുണ്ടാക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു.

കേരള തീരത്തിലെ മുഴുവൻ ഗ്രാമങ്ങളെയും നഗരപരിധിയായ സി.ആർ.സെഡ് -2 ൽ ഉൾപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കെ. വേണുവിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ സമിതിയെ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ ആഗ്രഹം പോലെ സമിതി റിപ്പോർട്ടും തയ്യാറാക്കി.

തീരങ്ങളിലെ വർദ്ധിച്ച ജനസാന്ദ്രത കണക്കിലെടുത്ത് ചതുരശ്ര കിലോമീറ്ററിൽ 2161 ൽ കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന പ്രദേശത്തെ കേന്ദ്ര വിജ്ഞാപനപ്രകാരം ഗ്രാമപരിധിയായ സി.ആർ. സെഡ് 3 എന്ന പുതിയസോണിൽ ഉൾപ്പെടുത്തുകയും അവിടെ തീരവാസികൾക്ക് വീട് നിർമ്മിക്കുന്നതിന് ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. സി.ആർ.ഇസഡ് 2 ൽ ആർക്കും ഭവനങ്ങളൊ വൻകിട കെട്ടിടങ്ങളൊ നിർമ്മിക്കാം. അതാകട്ടെ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ആവാസമേഖല തിരിച്ചുള്ള ആനുകൂല്യം നഷ്ടമാക്കുകയും ചെയ്യും. മാത്രവുമല്ല ഈ പ്രദേശങ്ങളിൽ റിയൽ എസ്റ്റേറ്റുകാർ പിടിമുറുക്കുകയും മത്സ്യത്തൊഴിലാളികൾ തീരപ്രദേശത്തുനിന്ന് പടിപടിയായി പലായനം ചെയ്യാൻ നിർബന്ധിതമാവുകയും ചെയ്യും. സി.ആർ.സെഡ് - 2ൽ കണ്ടൽകാടുകളുടെ നാശത്തിന് വഴിതെളിക്കുന്ന നിർമ്മാണ പ്രവർത്തനത്തിനും അനുമതി നൽകുന്നുണ്ട്. പ്രകൃതിദത്തമായ കണ്ടൽകാടുകൾക്ക് പകരം ചെറിയ കണ്ടൽ ബാങ്കുകൾ നിർമ്മിക്കണമെന്ന വിചിത്രമായ നിർദ്ദേശമാണ് ബദലായി നിർദ്ദേശിച്ചിരിക്കുന്നത. ഇത് കേരളത്തിന്റെ ശാസ്ത്രബോധത്തെ പരിഹസിക്കുന്നതാണെന്നും നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഈ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കളയണമെന്നും കേരള മത്സ്യതൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) ആവശ്യപ്പെട്ടു.

 '' 2019 ലെ തീരദ്ദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അനുകൂലമായ പരിപാലന പദ്ധതി നിശ്ചയിക്കാൻ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ മേൽനോട്ടത്തിൽ 10 അംഗ വിദഗ്ദ്ധസമിതി രൂപീകരിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി ഇടപെട്ട് പരിസ്ഥിതി വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബദൽ സമിതിയെ നിയോഗിച്ചത്. ഫിഷറീസ് വകുപ്പ് നിയോഗിച്ച സമിതി മത്സ്യതൊഴിലാളികളുമായി ചർച്ചകളും പബ്ലിക് ഹിയറിംഗും നടത്തി വിഷയം പഠിച്ചുകൊണ്ടിരിക്കെ ഇടിത്തീപോലെ രംഗത്തുവന്ന പുതിയ സമിതിയാകട്ടെ മത്സ്യതൊഴിലാളികളുമായി ആശയവിനിമയം പോലുമില്ലാതെ ഏകപക്ഷീയമായാണ് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്''.

ചാൾസ് ജോ‌ർജ്

സംസ്ഥാന പ്രസിഡന്റ്,

കേരള മത്സ്യതൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) .