തൃക്കാക്കര: നഗരസഭാ കൗൺസിൽ തീരുമാനങ്ങളുടെ മിനിറ്റ്സിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ചെയർപേഴ്സനെതിരെ മുനിസിപ്പൽ സെക്രട്ടറി. കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി മിനിറ്റ്സിൽ രേഖപ്പെടുത്തിയതിനെതിരെ നഗരകാര്യ ഡയറക്ടർക്ക് പരാതി നൽകുമെന്ന് മുൻസിപ്പൽ സെക്രട്ടറി ബി.അനിൽകുമാർ പറഞ്ഞു.
മാർച്ച് 31ന് ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സിലാണ് തിരിമറി നടന്നതായി ആരോപണം. നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണബോർഡ് 4.11 കോടി രൂപ പിഴ ചുമത്തിയ സംഭവത്തിൽ സ്റ്റേ വാങ്ങുന്നതിനായി ഹരിത ട്രിബ്യുണലിനെ സമീപിക്കാൻ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു. എന്നാൽ യോഗ തീരുമാനങ്ങളുടെ മിനിറ്റ്സിൽ വിഷയം ഉൾപ്പെടുത്തിയിട്ടില്ല. ഇത് നഗരസഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുമെന്നാണ് ആക്ഷേപം.
മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ഈടാക്കിയ സംഭവം മാർച്ച് 31ലെ അടിയന്തര കൗൺസിലിൽ അജണ്ടയായി കൊണ്ടുവരാൻ ഭരണസമിതിക്ക് താത്പര്യമുണ്ടായിരുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്ര ബാബു,എൽ.ഡി.എഫ് കൗൺസിലർമാരായ എം.ജെ. ഡിക്സൺ, ജിജോ ചിങ്ങംതറ, പി.സി മനൂപ് എന്നിവരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വിഷയം ചർച്ചയ്ക്ക് എടുക്കുകയായിരുന്നു.
33-ാം ഡിവിഷനിലെ അട്ടിപ്പേറ്റി നഗർ റോഡിൽ ഇടപ്പള്ളി തോട് സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി 65,21,000 രൂപ അനുവദിക്കൽ, 16-ാം ഡിവിഷനിലെ അന്നാക്കാത്ത് റോഡ് നവീകരണത്തിന് 66,24,000 രൂപ പൊതുഫണ്ടിൽ നിന്ന് ചെലവഴിക്കൽ, വിവിധ വാർഡുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവയിൽ പ്രതിപക്ഷം വിയോജനം രേഖപ്പെടുത്തിയിരുന്നു.
യോഗത്തിൽ ഭരണപക്ഷത്തെ പത്തോളം കൗൺസിലർമാർ എത്തിയിരുന്നില്ല. കൗൺസിലിൽ ഭൂരിഭാഗം കൗൺസിലർമാരും വിയോജനക്കുറിപ്പ് നൽകിയാൽ അജണ്ടകൾ അസാധുവാക്കണമെന്നാണ് ചട്ടം. എന്നാൽ ഈ യോഗ തീരുമാനങ്ങൾ മാറ്റിവച്ചതായാണ് ചെയർപേഴ്സൺ മിനിറ്റ്സിൽ രേഖപ്പെടുത്തിയത്. അജണ്ട അസാധുവാക്കിയാൽ മൂന്ന് മാസത്തിനു ശേഷം ഓരോ അജണ്ടയിലും പ്രത്യേകം കൗൺസിൽ യോഗം ചേരേണ്ടിവരുമെന്ന ഭയന്നാണ് ഇതിനു കാരണമെന്നാണ് ആരോപണം.