തൃക്കാക്കര: തൃക്കാക്കര സഭയിൽ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ എൽ.ഡി.എഫ് കൗൺസിലർമാരെ തിരഞ്ഞെടുത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം. നഗരസഭയിൽ ആകെ അഞ്ചുപേരെയാണ് തിരഞ്ഞെടുക്കേണ്ടത്. സമവായത്തിലൂടെ അഞ്ചുപേരെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചെങ്കിലും,യു.ഡി.എഫ് ഭരണ സമിതിയുടെ പിടിവാശിമൂലം ധാരണ പരാജയപ്പെടുകയായിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ നാമനിർദേശ പത്രിക നൽകാൻ തീരുമാനിക്കുകയായിരുന്നു. കൗൺസിലർമാരായ ഉഷാപ്രവീൺ,അജുന ഹാഷിം,റസിയ നിഷാദ്,പി.സി മനൂപ്.കെ.എക്സ് സൈമൺ,എന്നിവർ പത്രിക സമർപ്പിക്കുകയായിരുന്നു.എന്നാൽ യു.ഡി.എഫ് പാനൽ നൽകാൻ സമയപരിധി കഴിഞ്ഞതോടെ പത്രിക നൽകാനായില്ല. ഇതോടെ എതിരില്ലാതെ എൽ.ഡി.എഫ് പാനൽ വിജയിക്കും.