മൂവാറ്റുപുഴ: ജീവൻ തുടിക്കുന്ന ശില്പങ്ങൾ മരത്തിൽ തീർത്ത് വിശ്രമവേളകൾ ആനന്ദകരമാക്കുകയാണ് മൂവാറ്റുപുഴ രണ്ടാർ സ്വദേശി ബിനു മാമ്പിള്ളിയിൽ. മരപ്പണി ഉപജീവനമാർഗ്ഗമാക്കിയ ബിനു കഴിഞ്ഞ ലോക്‌ഡൗൺ കാലത്താണ് സമയം പോക്കിനായി മരപ്പലകകളിൽ ശില്പങ്ങൾ കൊത്തിയെടുക്കാൻ തുടങ്ങിയത്. ആദ്യം കൊത്തിയെടുത്ത ശിവപാർവ്വതി രൂപം കണ്ട് സുഹൃത്തുക്കളും വീട്ടുകാരും അഭിനന്ദിച്ചതോടെ തന്റെ വിശ്രമവേളകൾ ദാരുശില്പ നിർമ്മാണത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് രണ്ടുവർഷത്തിനുള്ളിൽ വിനുവിന്റെ കരവിരുതിൽ പിറന്നത് നിരവധി നാഗങ്ങളും പക്ഷികളും മരച്ചങ്ങലകളും കൗതുകരൂപങ്ങളും ദേവീദേവന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും എല്ലാമായിരുന്നു. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പൂർത്തിയായ തിരുവത്താഴം വരെ എത്തിനിൽക്കുകയാണ് വിനുവിന്റെ ദാരുശില്പകലയിലെ വിസ്മയങ്ങൾ. ബിനു നിർമ്മിച്ച ശിൽപ്പങ്ങൾ വിലയ്ക്കെടുക്കാനായി നിരവധി പേർ എത്തിയെങ്കിലും നഗരത്തിൽ എവിടെയെങ്കിലും തന്റെ സൃഷ്ടികൾ പ്രദർശനത്തിന് വച്ചതിനുശേഷം മാത്രമേ വിൽപ്പന നടത്തുകയുള്ളൂ എന്ന തീരുമാനത്തിലാണ് ഈ കലാകാരൻ. മക്കളായ ബിരുദ വിദ്യാർത്ഥി ആകർഷും ഹൈസ്കൂൾ വിദ്യാർഥിയായ ആദർശും ശില്പ നിർമാണത്തിൽ അച്ഛനെ സഹായിക്കും. വിജിതയാണ് ബിനുവിനെ ഭാര്യ.