കാലടി: കാലടി-മലയാറ്റൂർ റോഡരികിൽ വർഷങ്ങളായി താമസിക്കുന്ന വിധവയും മക്കളും കുടിയിറക്ക് ഭീഷണിയിൽ. കാലടി വീപ്പാട്ട് വീട്ടിൽ പരേതനായ അനിൽ കുമാറിന്റെ ഭാര്യ ശോഭയും മക്കളായ അനന്തു,നന്ദു എന്നിവരാണ് ഈ ഹതഭാഗ്യർ. മക്കളായ ഇരുവരും വിദ്യാർത്ഥികളാണ്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഇവർക്ക് റേഷൻ കാർഡ് പോലുമില്ല. അതുകൊണ്ട് റേഷൻ, സൗജന്യ ഭക്ഷ്യക്കിറ്റ് പോലും വാങ്ങാൻ കഴിയാറില്ല. ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ കൊടുക്കാൻ കഴിയാതെയാണ് ശോഭയും കുടുംബവും ജീവിതം തള്ളിനീക്കുന്നത്. ഇതിനിടെയാണ് കുടിയിറക്ക് ഭീഷണി എത്തിയത്. ലൈഫ് ഭവനം പദ്ധതിയിൽ വീട് ലഭ്യമാകുന്നതുവരെ ഇപ്പോഴത്തെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ശോഭ. മലയാറ്റൂർ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ശോഭയ്ക്കും കുടുംബത്തിനും കുടിയിറക്ക് ഭീഷണി നേരിടേണ്ടിവരുന്നത്.