മൂവാറ്റുപുഴ: കാറിടിച്ച് ഇരുചക്രവാഹനയാത്രികന് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് വെള്ളൂർക്കുന്നം ഇ.ഇ.സി മാർക്കറ്റ് ജംഗ്ഷനിലായിരുന്നു അപകടം. അപകടമുണ്ടാക്കിയ കാർ നിർത്താതെ കടന്നുകളഞ്ഞു. ബൈക്കിൽ സഞ്ചരിച്ച വാളകം കുന്നക്കാൽ സ്നേഹഭവൻ വീട്ടിൽ സജേഷ് മുരളി (43)യെ തലയ്ക്കേറ്റ പരിക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് അപകടസ്ഥലത്തുനിന്ന് സജേഷിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. പെരുമ്പാവൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്കിനെ ഓവർടേക്ക് ചെയ്ത കാർ ബൈക്കിനെ ഇടിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.