പറവൂർ: പറവൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിന്റെ ആധുനികവത്കരണത്തിന് തടസ്സമായ പവലിയൻ ഗാലറി പൊളിച്ചുമാറ്റാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. പവലിയൻ പൊളിക്കാൻ കഴിഞ്ഞ മാർച്ചിൽ സർക്കാർ അനുമതി ലഭിച്ചിരുന്നു. എൻജിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കൗൺസിൽ അംഗീകാരം നൽകിയത്. ഈ മാസം പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികളുണ്ടാവും.15 വർഷം മുമ്പാണ് സ്റ്റേഡിയം ഗ്രൗണ്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് പവലിയൻ നിർമ്മിച്ചത്. അശാസ്ത്രീയമായി നിർമ്മിച്ച ഇത് പിന്നീട് ഗ്രൗണ്ടിന്റെ സമഗ്ര വികസനത്തിന് തടസ്സമാവുകയായിരുന്നു. നഗരമദ്ധ്യത്തിലെ നാലേക്കറോളം വരുന്ന മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ട് ആധുനിക രീതിയിൽ വികസിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നുമുള്ള കായിക പ്രേമികളുടെ ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. വി.ഡി. സതീശൻ എം.എൽ.എ 2019 നവംബറിൽ ഗ്രൗണ്ടിന്റെ വികസനത്തിന് രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തു. പവലിയൻ പൊളിച്ചുമാറ്റാൻ സർക്കാർ അനുമതി ലഭിക്കാത്തതിനാൽ യാതൊരു പ്രവർത്തനവും നടത്താനായില്ല. കേരള ക്രിക്കറ്റ് അസോസിയേഷനും കേരള ഫുട്ബോൾ അസോസിയേഷനും ഗ്രൗണ്ടിന്റെ പുനർനിർമാണത്തിന് സാങ്കേതിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നഗരസഭയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് പുനർനിർമാണം നടക്കുക. ഇതിനിടെ, സംസ്ഥാന സർക്കാർ ഈവർഷത്തെ ബഡ്ജറ്റിൽ ഗ്രൗണ്ടിന്റെ വികസനത്തിനായി 20കോടി രൂപ വകയിരുത്തിയിട്ടുണ്ട്.