മൂവാറ്റുപുഴ: 43-ാം ജന്മദിനം നാൽപ്പത്തി മൂന്ന് പുസ്തകങ്ങൾ പുസ്തകക്കൂടാരത്തിന് നൽകി മാതൃകയായി അദ്ധ്യാപകൻ സമീർ സിദ്ദീഖി. ഇന്ത്യയിലെ ആദ്യത്തെ സൈക്കോ പാർക്കായ വെള്ളനാട് കരുണാസായിയിലെ സന്ദർശകർക്കും അന്തേവാസികൾക്കും പുസ്തകവായനയിൽ താത്പര്യം കൂട്ടുന്നതിനായി ആരംഭിച്ച പുസ്തകക്കൂട്ടിലും പുസ്തക തട്ടുകടയിലുമായി 43 പുസ്തകങ്ങൾ കൈമാറി. പുസ്തക പ്രേമിയായ സമീർ ഈസ്റ്റ് മാറാടി സ്കൂൾ അദ്ധ്യാപകനാണ്. സമീറിന്റെ വീട്ടിലും ആയിരത്തിലധികം പുസ്തകങ്ങളുള്ള ഹോം ലൈബ്രറിയുണ്ട്. എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ ലൈബ്രറികളിലായി 30,000ലേറെ പുസ്തകങ്ങൾ ശേഖരിച്ച് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച എൻ.എസ് എസ് ഓഫീസർക്കുള്ള അവാർഡും സമീർ സിദ്ദീഖിയ്ക്ക് ആയിരുന്നു. കരുണാസായി ഡയറക്ടർ എൽ ആർ മധുജൻ , സെക്കോളജിസ്റ്റുമാരായ ഗോകുൽ, ആര്യ, ശരണ്യ സ്റ്റെഫി , കരുണ, ഇൻഫോസിസ് സീനിയർ സോഫ്റ്റ്‌വെയർ കൺസൽട്ടന്റ് സയീർ പി.സിദ്ദീഖി തുടങ്ങിയവർ സംസാരിച്ചു.