കൊച്ചി: ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച പരിശോധനയിൽ ഇന്നലെ ജില്ലയിലെ 18 ഷവർമ്മ സ്റ്റാളുകളിൽ പരിശോധന നടത്തി. ഇതിൽ ഏഴ് സ്റ്റാളുകൾക്ക് നോട്ടീസ് നൽകി. കോഴിയിറച്ചി വാങ്ങിയത് എവിടെ നിന്നാണെന്ന രജിസ്റ്റർ സൂക്ഷിക്കാത്ത കടകൾക്കെതിരെയാണ് കൂടുതലും നടപടി എടുത്തിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും പരിശോധന ഉണ്ടാകും. പല സ്റ്റാളുകളും പരിശോധന ആരംഭിച്ചത് മനസിലാക്കി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.
സ്ലോട്ടർഹൗസ് ആരംഭിക്കണം
ജില്ലയിൽ പക്ഷിമൃഗാതികളെ കശാപ്പ് ചെയ്യുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളിൽ സ്ലോട്ടർ ഹൗസ് ആരംഭിക്കുന്നതിന് നടപടി എടുക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അലക്സ് കെ. ഐസക് പറഞ്ഞു. ആളുകൾക്ക് ഇറച്ചി വിൽക്കുന്നതിന് മുമ്പ് ഇവയുടെ ആരോഗ്യ സ്ഥിതി വെറ്റിറിനറി സർജൻ പരിശോധിച്ച് സർട്ടിഫൈ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് നഗരസഭകൾക്ക് അപേക്ഷ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.