കുറുപ്പംപടി: പണം ചോദിച്ച് വീട്ടിലെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുനിസിപ്പൽ കൗൺസിലർക്കതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂർ നഗരസഭ 23-ാം വാർഡ് മെമ്പറായ പി.എസ്. അഭിലാഷിനെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. കാഞ്ഞിരക്കാട് മുനിസിപ്പൽ കോളനിയിൽ താമസിക്കുന്ന ചന്ദ്രന്റെ ഭാര്യ ലക്ഷ്മി (44) യെയാണ് ഗുരുതരമായി ആക്രമിച്ചത്.

അഭിലാഷിന്റെ അമ്മയുടെ പേരിൽ കടുവാളിലുള്ള വീടും സ്ഥലവും വാങ്ങാൻ പരാതിക്കാരി നാലുവർഷം മുമ്പ് 50,000 രൂപ അഡ്വാൻസ് നൽകിയിരുന്നു. ഇത് തിരികെ ചോദിക്കാൻ ചെന്നപ്പോഴാണ് ആക്രമിച്ചതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കച്ചവടം മുടങ്ങിയതിനെ തുടർന്ന് വീട് വിൽക്കുന്ന മുറയ്ക്ക് പണം തിരിച്ചു കൊടുക്കാമെന്നായിരുന്നു അഭിലാഷിന്റെ വാഗ്ദാനം. ഒടുവിൽ വീട് വിറ്റതായി അറിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി 7.30ന് അഭിലാഷിന്റെ താമസ്ഥലത്ത് ചെന്നപ്പോഴാണ് അഭിലാഷ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി.