കോലഞ്ചേരി: നെല്ലാട് പട്ടിമറ്റം റോഡിൽ പണിയാനെത്തിയ തൊഴിലാളികളുടെ കൊവിഡ് ക്വാറന്റൈൻ നാല് മാസം പിന്നിടുമ്പോഴും തുടരുന്നു... ‌തകരാറിലായ ടാറിംഗ് പ്ളാന്റിന്റെ സ്പെയർ പാർട്സ് വാങ്ങാനും മെക്കാനിക്കിനെ തപ്പിയും ഗുജറാത്ത് പോയവരും തിരിച്ചു വന്നിട്ടില്ല...! റോഡ് പണി വൈകിയതിനെ ഉദ്യോഗസ്ഥർ ന്യായീകരിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഹൈക്കോടതി അഭിഭാഷകനായ പ്രമോജ് എബ്രഹാം നൽകിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഇക്കുറി ഉദ്യോഗസ്ഥർ മേൽപ്പറഞ്ഞ ന്യായീകരണങ്ങളുമായി വന്നത്.

കരാർ പണി പൂർത്തിയാക്കാനുള്ള കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതോടെ ഇനിയെന്ത് എന്നതാണ് നാട്ടുകാരുടെ ചോദ്യം. ഇപ്പോഴും പണി പാതിവഴിയിൽ തന്നെ. കഴിഞ്ഞ ജനുവരി 7നാണ് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഈ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങിയത്. 2.1 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ റോഡിലെ ഏതാനും ഭാഗങ്ങളിൽ മാത്രം വെറ്റ്മിക്സ് നിരത്തി ടാറിംഗ് നടത്തിയതൊഴിച്ചാൽ മറ്റിടങ്ങളിൽ കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇവിടെ അപകടങ്ങളും പതിവാണ്. റോഡ് പണി പൂർത്തിയായെന്ന ധാരണയിൽ എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. വേനൽമഴയിൽ പണി പൂർത്തിയാക്കിയ ഭാഗത്ത് മണ്ണിടിഞ്ഞ് റോഡ് താഴ്ന്നു. അവിടെ നാട്ടുകാർ അപകട മുന്നറിയിപ്പ് സ്ഥാപിച്ചതല്ലാതെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിട്ടില്ല. പത്ത് വർഷമായി തകർന്നു തരിപ്പണമായി കിടക്കുന്ന റോഡാണിത്. കിഫ്ബി ഈ റോഡുൾപ്പടെ നാല് റോഡുകൾക്കായി 32.7 കോടി രൂപ അനുവദിച്ചതുമാണ്. എന്നാൽ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലം തുക പാഴായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വരെ വളരെയധികം ചർച്ചാവിഷയമായ റോഡാണിത്. ഹൈറേഞ്ചിൽ നിന്നടക്കം ജില്ലാ ആസ്ഥാനത്തേക്ക് വരുന്ന ഏകവഴിയുമാണ്. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് റോഡ് റിപ്പയറിംഗിനായി 2.1 കോടി അനുവദിച്ചത്. എന്നാൽ സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ ഇതുവരെ വകുപ്പ് തയ്യാറായിട്ടില്ല. നിരവധി കേസുകളുമായി കോടതി കയറിയിറങ്ങിയ റോഡിൽ രാഷ്ട്രീയ സമരങ്ങളിൽ മനം മടുത്ത് നാട്ടുകാർ കൊടിക്കീഴിൽ നിന്നും ഒരു കുടക്കീഴിലേക്ക് മാറി വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് എണ്ണമറ്റ സമരങ്ങളും നടത്തി. എന്നിട്ടും അവസ്ഥ പഴയതുതന്നെ!