കൊച്ചി: ആദിശങ്കര ദർശനങ്ങൾ കാലങ്ങൾക്ക് അതീതമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആദിശങ്കരജയന്തിയോട് അനുബന്ധിച്ചുള്ള ജഗദ്ഗുരു വിചാരയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ എന്നാൽ മറ്റൊരാൾക്കുവേണ്ടി ജീവിക്കുക എന്നതാണ്. സ്ത്രീ ശക്തിയുടെ മഹത്വത്തെ തന്റെ ദർശനങ്ങളിലൂടെ ലോകത്തിന് പകർന്നു നൽകിയ മഹാഋഷിവര്യനാണ് ആദിശങ്കരൻ. ശങ്കരദർശനങ്ങളെ മനസിലാക്കാൻ ശ്രമിക്കുന്നതിലൂടെ നാം യഥാർത്ഥ ഭാരതീയനായി മാറും എന്നും അദ്ദേഹം പറഞ്ഞു. ഹൃദയവിദ്യാ ഫൗണ്ടേഷൻ, കൊല്ലൂർ, ഉഡുപ്പി പരമാചാര്യൻ വിദ്യാസാഗർ ഗുരുമൂർത്തി, എറണാകുളം കരയോഗം പ്രസിഡന്റ് ആലപ്പാട്ട് മുരളീധരൻ, ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 11 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 12 വരെ ആദിശങ്കര കൃതികളായ ശിവാനന്ദലഹരിയും വൈകിട്ട് 6 മുതൽ 8 വരെ സൗന്ദര്യലഹരിയും അധികരിച്ച് വിദ്യാസാഗർ ഗുരുമൂർത്തി വിചാരയജ്ഞം നടത്തും.