daineesha

കൊച്ചി: 'കേരളകൗമുദി'യിലൂടെ പുറംലോകം അറിഞ്ഞ നാലാംക്ലാസുകാരി ഡൈനീഷ്യ ഇനി കുടുംബം പുലർത്താൻ വഴിയോരത്തെ ഉന്തുവണ്ടിയിൽ അച്ചാർ വിൽക്കണ്ട. ഈ മിടുക്കിയെ പ്രമുഖ മലയാളി സ്റ്റാർട്ടപ്പായ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് ഏറ്റെടുത്തു. ഡൈനീഷ്യക്ക് വിദ്യാഭ്യാസം നൽകും. അവളുടെ അച്ചാറുകൾ 'മാജിക്കിൾസ്' എന്ന പേരിൽ ഓൺലൈനിൽ എത്തും. പിതാവിന് കമ്പനിയിൽ 30,000 രൂപ ശമ്പളത്തിൽ ജോലിയും.

അഞ്ച് സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്ത ശേഷമാണ് കേരളകൗമുദിയിൽ ഡൈനീഷ്യയെ പറ്റി വന്ന വാർത്ത ശ്രദ്ധയിൽ പെട്ടത്. അതിനാൽ വൈൽഡ് കാർഡ് എൻട്രിയാക്കി ഇന്നലെ സ്റ്റാർട്ടപ്പ് മിഷൻ സമ്മിറ്റിൽ പ്രഖ്യാപിച്ചു.

ഭിന്നശേഷിക്കാരായ കൊല്ലത്തെ അശ്വതിയും തിരുവനന്തപുരത്തെ ശ്രീക്കുട്ടനും സംരംഭത്തിന്റെ ഭാഗമാകും. ലാഭത്തിന്റെ 25 ശതമാനം ഒരു അനാഥാലയത്തിന്. ബാക്കി മൂവർക്കും. പദ്ധതി ഉടൻ ആരംഭിക്കും. സെലിബ്രിറ്റികൾ ബ്രാൻഡ് അംബാസഡർമാർ. magickles.comലും ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭിക്കും.

'ഈ ഉന്തുവണ്ടിയിലുണ്ട് നാലാംക്ലാസുകാരിയുടെ ജീവിതപാഠം' എന്ന കേരളകൗമുദി വാർത്ത കണ്ട് ഡൈനീഷ്യക്ക് വീടുവച്ച് നൽകാൻ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം എ.എ. റഹീം എം.പിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ തയ്യാറായിട്ടുണ്ട്.

ഓപ്പണിന്റെ സഹായങ്ങൾ

 ഡൈനീഷ്യയുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

 20 ലക്ഷം രൂപ മൂലധനമായി മുടക്കും

 രക്ഷാകർത്താക്കളിൽ ഒരാൾ പാർട്ട്ണർ

 മാജിക്കിൾസിന് നിലവാരം നിശ്ചയിക്കും

 ഓപ്പൺ

ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോം. ബംഗളൂരു ആസ്ഥാനം. സഹോദരങ്ങളും പെരിന്തൽമണ്ണ സ്വദേശികളുമായ അനീഷ് അച്യുതൻ, അജീഷ് അച്യുതൻ, തിരുവല്ല സ്വദേശി മേബിൾ ചാക്കോ, മല്ലപ്പള്ളി സ്വദേശി ഡീന ജേക്കബ് എന്നിവരാണ് പിന്നിൽ. കേരളത്തിലെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ്.

ഡൈനീഷ്യക്ക് വിദ്യാഭ്യാസം നൽകുകയും ഹോംമെയ്ഡ് അച്ചാറുകൾ വിൽക്കുകയുമാണ് ലക്ഷ്യം.

-അനീഷ് അച്യുതൻ

മോൾക്കും ഞങ്ങൾക്കും സന്തോഷമുണ്ട്. ദൈവം കൈവിട്ടില്ല. ഇതൊന്നും വിശ്വസിക്കാനാവുന്നില്ല. സാറമ്മാര് വന്ന് ഓൺലൈന്റെ കാര്യങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

-യേശുദാസ്

ഡൈനീഷ്യയുടെ പിതാവ്