കൊച്ചി: വഴിയോരക്കച്ചവടത്തിനുള്ള ലൈസൻസ് ലഭിച്ചവർ അധികൃതർ ആവശ്യപ്പെട്ടാൽ ഇതു ഹാജരാക്കണമെന്നും ഇതിൽ വീഴ്‌ച വരുത്തുന്നവരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി. കൊച്ചി നഗരസഭാ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കി പബ്ളിക് നോട്ടീസ് ഇറക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദ്ദേശിച്ചു. കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.

തെരുവു കച്ചവടത്തിനു യോഗ്യരാണെന്നു കണ്ടെത്തിയവരിൽ പലരും നഗരസഭയിൽ നിന്ന് ലൈസൻസ് വാങ്ങിയിട്ടില്ലെന്നും സ്ഥാപനങ്ങളിൽ ഇവ പ്രദർശിപ്പിക്കുന്നില്ലെന്നും അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്നാണ് ഇത്തരക്കാർ ലൈസൻസ് കൈപ്പറ്റണമെന്നും തങ്ങളുടെ കച്ചവട സ്ഥാപനങ്ങളിൽ ലൈസൻസ് പ്രദർശിപ്പിക്കണമെന്നും നഗരസഭാ സെക്രട്ടറി നിർദ്ദേശം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഹർജി 20 നു വീണ്ടും പരിഗണിക്കും. വഴിയോരക്കച്ചവടത്തിനു ലൈസൻസ് ലഭിച്ചവരുടെ എണ്ണം വ്യക്തമാക്കി നഗരസഭ നൽകിയ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നു അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കൊച്ചി നഗരസഭയുടെ അഭിഭാഷകൻ നൽകിയ കണക്കും അമിക്കസ് ക്യൂറിക്ക് ലഭിച്ച കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അമിക്കസ് ക്യൂറിയുമായി നഗരസഭ ചർച്ച നടത്തി ലൈസൻസ് ലഭിച്ചവരുടെ എണ്ണത്തിൽ വ്യക്തത വരുത്തണമെന്നും ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.