antony
ഡോ. എം പി ആന്റണി

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് ഉപതിരഞ്ഞെടുപ്പ്ഫലം ഭരണപ്രതിപക്ഷ മുന്നണികൾക്ക് നിർണായകമാകും. ഇരുമുന്നണികളും തുല്യസീറ്റുകൾ നേടിയപ്പോൾ ഏക കോൺഗ്രസ് വിമതനെ പ്രസിഡന്റാക്കിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്.
ഇതേത്തുടർന്ന് നീരസത്തിലായിരുന്ന കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥി പി.വൈ. വർഗീസ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 19 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒൻപത് അംഗങ്ങൾ വീതമാണുണ്ടായത്. കോൺഗ്രസ് റിബലായിരുന്ന പി.വി. കുഞ്ഞിനെ യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റാക്കിയാണ് ഭരണം പിടിച്ചത്.

ത്രികോണമത്സരമാണ് നടക്കുന്നത്. ഇടതുപക്ഷം ഡോ. എം.പി. ആന്റണിയേയും യു.ഡി.എഫ് ജോബി നെൽക്കരയേയും മത്സരിപ്പിക്കുന്നു. ജോഷി പൗലോസാണ് ബി.ജെ.പി സ്ഥാനാർത്ഥി. മൂന്ന് സ്ഥാനാർത്ഥികളും വാർഡിലെ സമ്മതിദായകരിൽ ഭൂരിപക്ഷമുള്ള കത്തോലിക സമുദായ അംഗങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.വൈ. വർഗീസ് 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. റിബലായിരുന്ന ആന്റോ നെൽക്കരയ്ക്ക് 400 വോട്ട് കിട്ടി. വിമതൻ പിടിച്ച വോട്ട്കൂടി ലക്ഷ്യമിട്ടാണ് അതേകുടുംബക്കാരനായ ജോബി നെൽക്കരയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്.

 യു.ഡി.എഫ് കൺവെൻഷൻ

യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ജെബി മേത്തർ എം.പി മുഖ്യപ്രഭാഷണം നടത്തി. വാർഡ് പ്രസിഡന്റ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, എം.എ. ചന്ദ്രശേഖരൻ, എം.ഒ. ജോൺ, പി. കുഞ്ഞ്, വി.പി. ജോർജ്, ലത്തീഫ് പൂഴിത്തറ, ടി.എ. ചന്ദ്രൻ, ജോബി നെൽക്കര എന്നിവർ പ്രസംഗിച്ചു.

 ബി.ജെ.പി കൺവെൻഷൻ

ബി.ജെ.പി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി അദ്ധ്യക്ഷൻ കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ജോഷി പൗലോസ്, ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, ലത ഗംഗാധരൻ, ഡോ. രജന ഹരീഷ്, സി. സുമേഷ്, വി.വി. ഷണ്മുഖൻ, എ.കെ. അജി, ബാബു കരിയാട് തുടങ്ങിയവർ സംസാരിച്ചു.

 എൽ.ഡി.എഫ് കൺവെൻഷൻ

എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. വി. സെയ്തുമുഹമ്മദ് അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫ്, ബെന്നി മൂഞ്ഞേലി, അനിൽ കാത്തിലി, എസ്.യു. കൃഷ്ണകുമാർ, ഡോ.സി.എ. മുകുന്ദൻ, കെ.കെ. ഷംസുദ്ദീൻ, പി.സി. സോമശേഖരൻ, ഡോ. എം.പി. ആന്റണി എന്നിവർ സംസാരിച്ചു.