ആലുവ: നഗരസഭ വൈസ് ചെയർപേഴ്‌സണായി സൈജി ജോളിയെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ ശ്രീലത വിനോദ്കുമാറിനെ ആറിനെതിരെ 12 വോട്ടുകൾക്കാണ് സൈജി പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ നാല് അംഗങ്ങൾ യോഗത്തിൽ ഹാജരായെങ്കിലും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
യു.ഡി.എഫിലെ സാനിയ തോമസ്, എൽ.ഡി.എഫിലെ ദിവ്യ സുനിൽകുമാർ, സ്വതന്ത്ര കെ.വി. സരള എന്നിവർ ഹാജരായില്ല. സരള നേരത്തെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു. സാനിയ പ്രസവാനന്തര അവധിയിലും ദിവ്യ ഭർത്താവിനൊപ്പം വിദേശത്തുമാണ്. സൈജി ജോളിയുടെ പേര് ലിസ ജോൺസൺ നിർദ്ദേശിക്കുകയും കെ. ജയകുമാർ പിന്താങ്ങുകയും ചെയ്തു. ശ്രീലത വിനോദിന്റെ പേര് ഗെയിൽസ് ദേവസി നിർദ്ദേശിക്കുകയും മിനി ബൈജു പിന്താങ്ങുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കൃഷ്ണകുമാർ വരണാധികാരിയായിരുന്നു.
വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സൈജി 23 -ാം വാർഡിൽ (മാർക്കറ്റ്) നിന്നുള്ള അംഗമാണ്. 2010ലും കൗൺസിലറായിരുന്നു. 2015ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
26 അംഗ കൗൺസിലിൽ വൈസ് ചെയർപേഴ്‌സൺ ആയിരുന്ന ജെബി മേത്തർ രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. അവശേഷിച്ച 25 അംഗങ്ങളിൽ കോൺഗ്രസ് 13, എൽ.ഡി.എഫ് 7, ബി.ജെ.പി 4, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. സൈജി അദ്ധ്യക്ഷയായിരുന്ന പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ലിസ ജോൺസന് നൽകും. തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകും.
ജെബി മേത്തർ പ്രതിനിധാനം ചെയ്ത 22 -ാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഭരണപക്ഷത്തിന് നിർണായകമാണ്.
പ്രിയങ്കാ ഗാന്ധിയുടെ സമകാലിക
ആലുവ നഗരസഭ വൈസ് ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട സൈജി ജോളി ജീസസ് ആൻഡ് മേരി കോളേജിൽ പ്രിയങ്കാഗാന്ധിയുടെ സമകാലികയായിരുന്നു. ജീസസ് കോളേജിൽ ബി.ജെ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരിക്കെയാണ് പ്രിയങ്കയ്ക്കൊപ്പം പഠിക്കാൻ അവസരമുണ്ടായത്.
പിന്നീട് ഡൽഹി ഇന്റർനാഷണൽ സെന്റർ ഫോർ ഫാഷൻ സ്റ്റഡീസിൽനിന്ന് ഫാഷൻ ഡിസൈൻ കോഴ്സിൽ യോഗ്യതനേടി. നടനും സംസ്ഥാന ഫുട്ബാൾ താരവുമായ ജോളി മൂത്തേടനാണ് ഭർത്താവ്. ഭർതൃസഹോദരൻ എം.ടി. ജേക്കബ് 2010 -15 കാലയളവിൽ ആലുവ നഗരസഭ ചെയർമാനായിരുന്നു.