മൂവാറ്റുപുഴ: നിർമ്മാണ മേഖലയിലെ രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും വിലവ്യതിയാനവ്യവസ്ഥ എല്ലാ കരാറുകൾക്കും മുൻകാലപ്രാബല്യത്തോടെ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കരാറുകാർ ഏഴിന് പണിമുടക്കുമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ മൂവാറ്റുപുഴ സെന്റർ ചെയർമാൻ പിലക്സി കെ .വർഗ്ഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഏകോപനസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

നിർമ്മാണച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കാനും പുതിയവ ഏറ്റെടുക്കാനും കഴിയാത്ത സ്ഥിതിയാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ഏകോപനസമിതി പ്രതിനിധികൾ ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഏപ്രിൽ മാസത്തിലെങ്കിലും ഇത് സംബന്ധിച്ച് അനുകൂല ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ടാറിന് അനുവദിച്ച നഷ്ടപരിഹാരംപോലും കരാറുകാർക്ക് ലഭിക്കുന്നില്ല. ജി.എസ്.ടി നടപ്പാക്കിയപ്പോൾ കരാറുകാർക്കുണ്ടായ നഷ്ടംനികത്താൻ ധനവകുപ്പ് ഇറക്കിയ ഉത്തരവും പ്രയോജനപ്പെട്ടില്ല. ഏകോപനസമിതിയുടെ നിവേദനത്തിൽ അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാലസമരം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ ഗവൺമെന്റ് സ്റ്റേറ്റ് അഫയേഴ്സ് ചെയർമാൻ രാജേഷ് മാത്യു, പോൾ ടി .മാത്യു, സാബു ചെറിയാൻ, ജോർഡി എബ്രഹാം, ജോസഫ് ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.