mvpa
മൂവാറ്റുപുഴയിലെ ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി ചെളികോരി വൃത്തിയാക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലേക്ക് എത്തിച്ചേരുന്ന കൈവഴിത്തോടുകളിലെ എക്കൽ നീക്കംചെയ്തുകൊണ്ടിരിക്കുന്ന പദ്ധതി പാഴ് വേലയാകുന്നതായി പരാതി. മൂവാറ്റുപുഴയാറിലെ ത്രിവേണീസംഗമം മുതൽ റാക്കാട് - കായനാട് ചെക്ക്ഡാം വരെയുള്ള പ്രദേശത്തെ എക്കൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. ത്രിവേണീ സംഗമം മുതൽ റാക്കാട് - കായനാട് ചെക്ക്ഡാം വരെയുള്ള പ്രദേശത്ത് അടിഞ്ഞുകൂടിയിട്ടുള്ള ഭീമമായ എക്കൽനിക്ഷേപം നീക്കംചെയ്ത് ഇനി എക്കൽ അടിഞ്ഞുകൂടുന്നത് ആവർത്തിക്കാൻ ഇടയാക്കാത്തവിധത്തിലാണ് ജില്ലാ ഭരണകൂടം ഓപ്പറേഷൻ വാഹിനി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. നിലവിലുള്ള ചെക്ക്ഡാം പൊളിച്ചുനീക്കി ഷട്ടർ സംവിധാനത്തോടെ റെഗുലേറ്റർ - കം - ബ്രിഡ്ജായി പുന:ർനിർമ്മിച്ചശേഷം കൈവഴിത്തോടുകളിലെ എക്കൽ നീക്കംചെയ്തെങ്കിൽ മാത്രമെ ഓപ്പറേഷൻ വാഹിനി പദ്ധതി പ്രയോജനകമാകൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൈവഴിത്തോടുകളിൽ നദീമുഖംവരെയുള്ള ഭാഗത്തെ എക്കൽ നീക്കംചെയ്യുന്നതിലൂടെ ഇൗഭാഗം പുഴയേക്കാൾ താഴ്ന്നുകിടക്കുന്ന അടിത്തട്ടോടുകൂടിയ തോടായി രൂപാന്തരപ്പെട്ട് ശരവേഗത്തിൽ ഇവിടെ വീണ്ടും എക്കൽ അടിഞ്ഞുകൂടുന്ന അവസ്ഥഉണ്ടാകും.

ത്രിവേണീസംഗമം മുതൽ റാക്കാട് - കായനാട് ചെക്ക്ഡാം വരെയുള്ള പ്രദേശത്തെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണുവാൻ കുറുക്കുവഴികളില്ലെന്നാണ് ഇതുസംബന്ധിച്ച പഠനം നടത്തിയ പ്രമോദ്കുമാർ മംഗലത്ത് പറയുന്നത്. ജില്ലാ ഭരണകൂടം ഓപ്പറേഷൻ വാഹിനി എന്ന പേരുനൽകി വിഭാവനംചെയ്ത പദ്ധതി മൂവാറ്റുപുഴ നഗരസഭ മറ്റേതോ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവകാശപ്പെട്ടുകൊണ്ട് നടത്തുന്ന എക്കൽ നിർമ്മാർജ്ജന പദ്ധതി മൂവാറ്റുപുഴ വാഹിനിയായി മാറുകയാണെന്നാണ് ആക്ഷേപം. മനുഷ്യന്റെ ജീവിത സുരക്ഷയ്ക്കായി ജില്ലാ ഭരണകൂടം വിഭാവനംചെയ്ത ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ മറ്റൊരുപദ്ധതി കൂട്ടിച്ചേർത്ത് മലിനമാക്കരുതെന്നാണ്

ഉയരുന്ന ആവശ്യം.