
കൊച്ചി: മനുഷ്യന്റെ വേദനകൾക്ക് ആശ്വാസമേകുന്നവരാണ് ഇടതുപക്ഷമെന്നും,ഹൃദ്രോഗചികിത്സകനായ തന്നെ സ്ഥാനാർത്ഥിയാക്കിയതിൽ അഭിമാനമുണ്ടെന്നും ഡോ. ജോ ജോസഫ് പറഞ്ഞു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എറണാകുളം ലിസി ആശുപത്രിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പം മുതൽ കമ്മ്യൂണിസ്റ്റുകാരനും ഇടതു സഹയാത്രികനുമായിരുന്നു. സഭയുടെ സ്ഥാനാർത്ഥിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കൊടി പിടിക്കുന്നത് മാത്രമല്ല, നിലപാടുകളാണ് രാഷ്ട്രീയം. പിതാവ് കമ്യൂണിസ്റ്റുകാരനാണ്. ചെറുപ്പകാലത്ത് പാർട്ടിക്കു വേണ്ടി ചുവരെഴുതിയിട്ടുണ്ട്. കൊവിഡ് മഹാമാരി കാലത്തെ ഇടതുപക്ഷത്തിന്റെ സമൂഹ്യപ്രവർത്തനങ്ങളിൽ ചേർന്ന് നിന്നതാകാം തന്റെ സ്ഥാനാർത്ഥിത്വത്തിന്റെ കാരണം. എറണാകുളത്ത് വന്ന ശേഷം സി.പി.എമ്മിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടാറുണ്ട്. കഴിഞ്ഞ തവണ തൃക്കാക്കര തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിരുന്നു. കേരളത്തിലെ ഇടതു തരംഗത്തിനൊപ്പം തൃക്കാക്കര കൂടിയില്ലെന്ന വിഷമമുണ്ടായിരുന്നു. ഈ ഉപതിരഞ്ഞെടുപ്പിലൂടെ അതിന് പരിഹാരമാകും. നൂറു ശതമാനം വിജയപ്രതീക്ഷയുണ്ട്. ഇടതുപക്ഷം വിചാരിച്ചാൽ ജയിക്കാൻ പറ്റാത്ത ഒരു മണ്ഡലവും കേരളത്തിലില്ല. പരമ്പാരഗതമായി ഒരു മുന്നണിക്കൊപ്പം നിന്ന പാലായിൽ വരെ മാറ്റമുണ്ടാകുമെങ്കിൽ എന്തുകൊണ്ട് തൃക്കാക്കര മാറിക്കൂടാ? കെ-റെയിൽ കേരളത്തിന് അനുയോജ്യമായ പദ്ധതിയാണ്. കെ.വി. തോമസുമായി വ്യക്തിബന്ധമില്ലെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.