
കളമശേരി: സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ടെക്നിക്കൽ ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ ട്രെയിനിംഗ് ആൻഡ് റിസർച്ച് ഉദ്യോഗസ്ഥർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ സന്ദർശിച്ചു. ഇന്നലെ ഉച്ചയോടെ എത്തിയ സംഘം പോളിടെക്നിക് ,സാങ്കേതിക വിദ്യാഭ്യാസ സ്കൂൾ എന്നിവ നടത്തുന്നതിന് അനുയോജ്യമാണോയെന്ന് പരിശോധന നടത്തി. മേഖലാ ജോയിന്റ് ഡയറക്ടർ കെ.എം.രമേശ്, ഡെപ്യൂട്ടി ഡയറക്ടർ എ.എസ്. ചന്ദ്രകാന്ത, പ്രൊജക്റ്റ് ഓഫീസർമാരായ ഡോ.സജിത, കെ.കെ. സ്വപ്ന, പ്രിൻസിപ്പൽ ഗീതാദേവി, വിമൻസ് പോളിടെക്നിക് എച്ച് - ഒ.ഡി സി.ബി.സോമൻ, ടെക്നിക്കൽ സൂപ്രണ്ടുമാരായ സോണിയാ, അസ്ഫൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്. ഫാക്ട് എച്ച്.ആർ ,ഡി.ജി.എം ദിലീപ് മോഹൻ, എസ്റേററ്റ് ഓഫീസർമാരായ പത്മനാഭൻ, വസിം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിവേക്, ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ, കൗൺസിലർമാർ എന്നിവരും സംഘത്തെ അനുഗമിച്ചു.
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റർ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. റിപ്പോർട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും. ഫാക്ട് സ്കൂൾ ഭരണ സമിതിയും ഫാക്ട് സി.എം.ഡി യുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരുന്ന വാരത്തിൽ ദീർഘകാല കരാർ ഒപ്പു വെയ്ക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇത്തരം പ്രതിസന്ധികൾക്കിടയിലും വിവിധ ക്ലാസുകളിൽ പ്രവേശനം തേടുന്നതിന് 40 ഓളം കുട്ടികളുടെ അന്വേഷണം എത്തിയതായി ഹെഡ്മിസ്ട്രസ് ജയശ്രീ പറഞ്ഞു.