thevara

കൊച്ചി: തമ്മിലടിയിൽപ്പെട്ട് എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജനറം ഓഫീസിന് നാഥനില്ലാതായി. ഡിപ്പോയിലെ ജനറം ഓഫീസ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതോടെയാണ് ജനറം ഓഫീസ് ചുമതല ജനറൽ സർവീസിന്റെ കാര്യങ്ങൾ നോക്കുന്ന ഉദ്യോഗസ്ഥരിലെത്തിയത്. ഇവർക്ക് സ്വിഫ്റ്റ് ബസുകളുടെ ചുമതലയും ഉണ്ട്.

ജനറം ബസ് വരുമാനവും സർവീസുകളും കുറവാണെന്നും ഓഫീസും പ്രത്യേക ഉദ്യോഗസ്ഥരും ആവശ്യമില്ലെന്നും ചീഫ് ട്രാഫിക് ഓഫീസർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ മൂന്നിനാണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ഓഫീസ് അടച്ചത്.
ജനറം ഇൻസ്പെക്ടർ ഇൻ-ചാർജ്, ജനറം സ്റ്റേഷൻ മാസ്റ്റർ എന്നീ ഉദ്യോഗസ്ഥരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഓഫീസ് അടച്ചതോടെ ഇൻസ്പെക്ടർ ഇൻ-ചാർജ് അവധിയിൽ പ്രവേശിക്കുകകയും ജനറം സ്റ്റേഷൻ മാസ്റ്റർ ആയിരുന്നയാളെ ജനറൽ സ്റ്റേഷൻ മാസ്റ്ററുമാക്കി.

എന്നാൽ, സർവീസും അഡിഷണൽ സർവീസും വരുമാനവും ഇടിഞ്ഞു. അതോടെ ഇൻസ്പെക്ടർ ഇൻ-ചാർജിനെ വീണ്ടും ചുമതലയിൽ കൊണ്ടുവന്നു. ഏപ്രിൽ 12ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറുടെ നിർദേശ പ്രകാരം വീണ്ടും പ്രവർത്തനവും ആരംഭിച്ചു. തിരുവനന്തപുരത്തെ ചീഫ് ട്രാഫിക് ഓഫീസറെ അറിയിക്കാതെയായിരുന്നു ഈ നീക്കം.

ഇത് സംബന്ധിച്ച് കേരളകൗമുദി ഏപ്രിൽ 21ന് വാർത്ത നൽകിയിരുന്നു. എന്നാൽ, വാർത്ത വന്ന് ദിവസങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റി. ജനറൽ സർവീസുകൾക്കൊപ്പം ജനറത്തിന്റെ ചാർജ് കൂടി വഹിക്കേണ്ടി വരുന്നത് അമിതഭാരമാണെന്ന് ചില ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

തേവരയിലും ഓഫീസില്ല
നിരവധി ജനറം ബസുകൾ കാടുകയറി കിടക്കുന്ന തേവര ഡിപ്പോയിലെ ജനറം ഓഫീസ് നാളുകൾക്ക് മുന്നേപൂട്ടി. ഇവിടെ മെയിന്റനൻസ് ഓഫീസ് മാത്രമാണ് ഇപ്പോഴുള്ളത്. എറണാകുളം ഡിപ്പോയിൽ നിന്ന് നിലവിൽ 10 ജനറം ബസുകളും മൂന്ന് സ്വിഫ്റ്റ് ബസുകളുമുണ്ട്.

പണിമുടക്കുമെന്ന് എ.ഐ.ടി.യു.സി

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം കൃത്യ സമയത്ത് നൽകുന്നത് സംബന്ധിച്ച് പലവട്ടം സർക്കാരുമായി ചർച്ച നടത്തിയതാണെന്നും ഇനിയും തീരുമാനമുണ്ടാകാത്തതിനാൽ പണിമുടക്കാതെ വഴിയില്ലെന്നും കേരള സ്റ്റേറ്റ് ട്രാൻപോർട്ട് എംപ്ലോയിസ് യൂണിയൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ എ.വി പറഞ്ഞു.

ജീവനക്കാർക്ക് ശമ്പളം നൽകിയിട്ട് വേണം വരുമാനം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനെന്നും ഇടതുപക്ഷം ഭരിക്കുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.