
കൊച്ചി: 'ഹൃദയ പൂർവം ഡോക്ടർ' എന്ന പുസ്തകത്തിന്റെ രചയിതാവാണ് തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിയും പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനുമായ ഡോ. ജോ ജോസഫ്. 43 കാരനായ ഡോ. ജോ എറണാകുളം ലിസി ആശുപത്രിയിലെ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ കൺസൾട്ടന്റാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും ഒഡിഷ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ മെഡിസിനിൽ എം.ഡിയും കരസ്ഥമാക്കി. ന്യൂഡൽഹി എയിംസിൽ നിന്ന് കാർഡിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയമാറ്റ ശസ്ത്രക്രിയകളിൽ മുഖ്യപങ്ക് വഹിച്ചു. കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ, സൊസൈറ്റി ഫോർ ഹാർട്ട് ഫെയിലിയർ ആൻഡ് ട്രാൻസ്‌പ്ളാന്റേഷൻ എന്നിവയുടെ സംസ്ഥാന സമിതിയംഗമായിരുന്നു. ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നിരവധി ശാസ്ത്രീയ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.മലയാളം, ഇംഗ്ളീഷ്, ഹിന്ദി, ഒറിയ ഭാഷകൾ അറിയാം.
പ്രോഗ്രസീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ ഭാരവാഹിയും,ഹാർട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയുമാണ്.
കോട്ടയം പൂഞ്ഞാർ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. പരതേരായ കെ.വി. ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകൻ. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. ദയ പാസ്കലാണ് ഭാര്യ. കളമശേരി രാജഗിരി സ്കൂളിലെ പത്താം ക്ളാസുകാരി ജവാൻ ലിസ് ജോ, ആറാം ക്ളാസുകാരി ജിയന്ന എന്നിവർ മക്കൾ.
'മുത്തു പോലൊരു
സ്ഥാനാർത്ഥി'
മുത്തു പോലൊരു സ്ഥാനാർത്ഥിയാണ് ഡോ. ജോ ജോസഫെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. നാടിനും സമൂഹത്തിനും മഹാഭാഗ്യമായി ലഭിച്ച വ്യക്തിയാണ്. ജനങ്ങൾക്ക് പ്രിയപ്പെട്ട ഡോക്ടറാണ്. സാമൂഹ്യമേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രളയ കാലത്ത് ജനസേവനം നടത്തി അംഗീകാരം നേടി. മണ്ഡലത്തിലും നാട്ടിലും സുപരിചിതനാണ്.
വൻഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് വിജയിക്കും. ഭൂരിപക്ഷം വോട്ടെണ്ണുമ്പോൾ കാണാം. എൽ.ഡി.എഫ് ഭരണത്തെ ജനം വിലയിരുത്തിക്കഴിഞ്ഞു. അതാണ് ഭരണത്തുടർച്ച ലഭിക്കാൻ കാരണം. സ്ഥാനാർത്ഥി നിർണയം വൈകിയിട്ടില്ല. ഒരാളെയേ പാർട്ടി പരിഗണിച്ചുള്ളു. മറ്റൊരാളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഇളിഭ്യരായത് മാദ്ധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.