
കൊച്ചി: ഏറ്റുമാനൂർ- ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയിൽ ഇന്നു (6) മുതൽ 29 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്ത് നിന്ന് കൊല്ലത്തേക്കുള്ള പാസഞ്ചർ എക്സ്‌പ്രസ് 7മുതൽ 29 വരെ റദ്ദാക്കി. നാഗർകോവിൽ -കോട്ടയം പാസഞ്ചർ എക്സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം -നിലമ്പൂർ പാസഞ്ചർ എക്സ്‌പ്രസ് എറണാകുളം ടൗണിൽ നിന്ന് ഇരുഭാഗത്തേക്കും സർവീസ് നടത്തും. തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്‌പ്രസ് 10നും നാഗർകോവിലിലേക്കുള്ള ഷാലിമാർ എക്സ്‌പ്രസ് ഇന്നും ബംഗളരുവിലേക്കുള്ള ഐലൻഡ് എക്സ്‌പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകും.
കൊച്ചവേളിയിൽ നിന്ന് ലോകമാന്യതിലക് വരെ പോകുന്ന ഗരീബ്‌രഥ് 8നും കൊച്ചവേളി -യശ്വന്തപുരം എ.സി സൂപ്പർഫാസ്റ്റ് 6നും കന്യാകുമാരിയിൽ നിന്ന് പൂനെ വരെ പോകുന്ന എക്സ്‌പ്രസ് 6,8,9 തീയതികളിലും തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്കുള്ള കേരള എക്‌സ്പ്രസ് 6,8,9 തീയതികളിലും നാഗർകോവിലിലേക്കുള്ള പരശുറാം എക്സ്‌പ്രസ് 6,8,9 തീയതികളിലും തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്‌പ്രസ് 7,8 തീയതികളിലും കൊച്ചവേളിക്കുള്ള കോർബ എക്സ്‌പ്രസ് 7നും ആലപ്പുഴ വഴി തിരിച്ചുവിടും.
23നു റെയിൽവേ സുരക്ഷാ കമ്മിഷൻ (കമ്മിഷൻ ഒഫ് റെയിൽവേ സേഫ്ടി സി.ആർ. എസ്) പുതിയ പാത പരിശോധിക്കും. 29നു പുതിയ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങും. ഇതോടെ തിരുവനന്തപുരം - മംഗളൂരു 634 കിലോമീറ്റർ റെയിൽപാത പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ഏറ്റുമാനൂർ -ചിങ്ങവനം 16.5 കിലോമീറ്റർ പാത മാത്രമാണ് ഇപ്പോൾ ഇരട്ടപ്പാതയല്ലാത്തത്.