
ആലുവ: കുട്ടമശേരിയിലെ ആക്രിക്കടയിൽ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, മയക്കുമരുന്ന് അളക്കുന്ന മൂന്ന് ഡിജിറ്റൽ ത്രാസ്, പൊതിയുന്നതിനുളള പേപ്പറുകൾ എന്നിവ കണ്ടെടുത്തു.
ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്‌നാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. കഴിഞ്ഞ ദിവസം ഇയാളെയും ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കൽ വീട്ടിൽ സുഫിയാൻ, കാഞ്ഞിരക്കാട് തരകുപീടികയിൽ അജ്മൽ അലി എന്നിവരെയും 11.200 ഗ്രാം എം.ഡി.എം.എ, 8.6 കിലോ കഞ്ചാവ് എന്നിവയുമായി മാറമ്പിള്ളി പാലത്തിന് സമീപത്ത് കാർ തടഞ്ഞ് കാലടി പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കടയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
ആക്രക്കടയുടെ മറവിൽ ലഹരി വിൽപ്പനയാണ് നടത്തിയിരുന്നത്. യുവാക്കൾക്കായിരുന്നു വിൽപ്പന. പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാൽ, ഐ.പി.എസ്. ട്രയ്‌നി അരുൺ കെ പവിത്രൻ, കോട്ടപ്പടി എസ്.എച്ച്.ഒ എം. ശ്രീകുമാർ, കാലടി എസ്.ഐ ടി.ബി. വിപിൻ, ജയിംസ്, സി.പി.ഒ രൺജിത്ത് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.