മരട്: മുസ്ലിംലീഗ് മരട് മുനിസിപ്പൽ കമ്മിറ്റി അശരണർക്കായി നിർമിച്ച 4 ബൈത്തുറഹ്മകളുടെ (കാരുണ്യഭവനം) താക്കോൽ കൈമാറ്റം നാളെ നടക്കും. നെട്ടൂർ സുബ്രഹ്മണ്യ ചൈതന്യ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്ത് അരയൻതറ (വാഴവേലി) അബൂബക്കർ സൗജന്യമായി നൽകിയ 3 സെന്റ് സ്ഥലത്ത് ഇരുനിലയിലായി 4 വീടുകളാണു നിർമ്മിച്ചത്. നെട്ടൂർ സ്വദേശികളായ 2 പേരുടെയും എരൂർ, മട്ടാഞ്ചേരി സ്വദേശികളായ ഒരാൾക്കുമാണ് വീട് നിർമ്മിച്ചു നൽകുന്നതെന്ന് ബൈത്തുറഹ്മ കമ്മിറ്റി ചെയർമാൻ എൻ.കെ. അബ്ദുൽ മജീദ് പറഞ്ഞു.
നാളെ വൈകിട്ട് 4ന് നടക്കുന്ന പരിപാടിയിൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആദ്യ താക്കോൽ കൈമാറും. മറ്റു താമസക്കാർക്ക് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്, മുൻ എം.എൽ.എ ടി.എ.അഹമ്മദ് കബീർ എന്നിവരും കൈമാറും. മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൽ മജീദ്, ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.ഇ.അബ്ദുൽ ഗഫൂർ, ജില്ലാ സെക്രട്ടറി പി.എം.കരീം പാടത്തിക്കര എന്നിവർ വീടുകളുടെ രേഖകൾ കൈമാറും. എൻ.കെ.അബ്ദുൽ മജീദ് അദ്ധ്യക്ഷനാകും. വാഴവേലി അബൂബക്കർ, ടി.എ.നജീബ്, എം.എം.അഷ്റഫ്, അബ്ദുൽ ഖാദർ, എം.ബി.മുഹമ്മദ്, ടി.കെ.മുഹമ്മദ്കുട്ടി, പി.എം.ഇബ്രാഹിം ഹാജി, സുനി അൽഹാദി എന്നിവരെയും മരട് നഗരസഭ കൊവിഡ് സെൽ പ്രവർത്തകരായ 7 പേരെയും അനുമോദിക്കും. രാത്രി 7.30ന് നവാസ് കെ. മൊയ്ദീൻ, ഉവൈസ് ആലപ്പുഴ എന്നിവർ അവതരിപ്പിക്കുന്ന ഖവാലി ഉണ്ടാകും